കൊല്ലം ശാസ്താംകോട്ടയിലെ മീൻ വില്പനക്കാരനായ അടിച്ച വാർത്ത സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. ഇതിന് പ്രധാന കാരണം ലോട്ടറി അടിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് കിട്ടുന്നത് എന്നത് തന്നെ . ഇനി എന്ത് ചെയ്യും എന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഭാഗ്യദേവത പൂക്കുഞ്ഞിന് മുന്നിൽ പ്രസാദിച്ച വിവരം അറിയുന്നത്.
തനിക്ക് ലോട്ടറി അടിച്ചതോടെ കുടുംബം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലായെന്ന് പൂക്കുഞ്ഞ് പറയുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് താനെന്നും എന്നെങ്കിലും ഒരിക്കൽ ഒന്നാം സമ്മാനം ലഭിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു . ജപ്തി നോട്ടീസ് വന്നപ്പോൾ ബാങ്കിൽ പോയി അവധി ചോദിക്കാൻ ഇരിക്കുന്നതിനിടയാണ് ഒന്നാം സമ്മാനം ലഭിച്ചു എന്ന വാർത്ത അറിയുന്നത്. ലോട്ടറി അടിച്ച കാര്യം പറഞ്ഞപ്പോൾ ആദ്യം ഭാര്യ വിശ്വസിച്ചില്ലെന്നും പൂക്കുഞ്ഞ് പറയുന്നു.
15 വർഷത്തേക്കാണ് പൂക്കുഞ്ഞ് ബാങ്കിൽ നിന്നും ലോണെടുത്തത്. എന്നാൽ പല മാസങ്ങളിലും ബാങ്കിലേക്കുള്ള അടവ് പോലും മുടങ്ങാറുണ്ടായിരുന്നു. അതേസമയം ലോട്ടറി അടിച്ചെന്ന് വിവരം അറിഞ്ഞതിനുശേഷം ആരും സഹായം ആവശ്യപ്പെട്ടു വന്നിരുന്നില്ലെന്ന് പൂക്കുഞ്ഞ് പറയുന്നു. കാരണം തന്റെ കടത്തെക്കുറിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ സമ്മാനം കിട്ടിയ തുക കടം വീട്ടാൻ മാത്രമേ തികയുമെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. കടം തീർത്തതിനുശേഷം ഉള്ള ബാക്കി പണം കുട്ടികൾക്ക് വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. മീൻ കച്ചവടം തന്നെ വീണ്ടും ചെയ്യാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് പൂക്കുഞ്ഞ് പറയുന്നു.