ഇലന്തൂരിൽ നടന്ന നരബലിയ്ക്ക് വിധേയയായ റോസിലിൻ തന്റെ പങ്കാളിയായ സജിയോട് എല്ലാ വിവരങ്ങളും മറച്ചു വച്ചു. നരബലി നടന്നു എന്ന വാർത്ത പുറത്തു വന്നതോടെയാണ് നിർമ്മാണ തൊഴിലാളിയായ സജി എന്ന റോസിലിന്റെ ജീവിതപങ്കാളി ഓരോ വിവരങ്ങളും അറിയുന്നത്. ഇതോടെ
വാടകവീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിയുകയാണ് സജീഷ് എന്ന സജി.
ഒറ്റപ്പാലം സ്വദേശിയായ സജി ആറു വർഷം മുൻപ് പണിസ്ഥലത്ത് വച്ചാണ് റോസിലിനുമായി പരിചയപ്പെടുന്നതും വേളാങ്കണ്ണിയിൽ പോയി മാല ചാർത്തുന്നതും. റോസിലിന്റെ കൈവശം തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാതിരുന്നതിനാലാണ് വിവാഹം രജിസ്ട്രേഷൻ നടത്താതിരുന്നത്.
റോസിലിന് ലോട്ടറി കച്ചവടം ഉണ്ടായിരുന്നുവെന്നും മുഹമ്മദ് ഷാഫിയുമായി ബന്ധമുണ്ടായിരുന്നുവെന്നും സജിക്ക് അറിയില്ലായിരുന്നു. ആലുവായിൽ മരുന്നു കടയിൽ ജോലിക്ക് പോവുകയാണ് എന്നാണ് റോസിലിൻ സജിയോട് പറഞ്ഞിരുന്നത്. നരബലി കേസിലെ മുഖ്യ സൂത്രധാരൻ ഷാഫിയുമായുള്ള പരിചയത്തെ കുറിച്ച് റോസിലിൻ സജിയോട് ഒന്നും പറഞ്ഞിട്ടില്ല.
ചങ്ങനാശ്ശേരിയിലുള്ള മാമൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് റോസിലിൻ ജൂൺ എട്ടിന് വീട്ടിൽ നിന്നും പോകുന്നത്. പിന്നീട് റോസിലിനുമായി സംസാരിച്ചിട്ടില്ല. ജൂൺ എട്ടിന് രാത്രി വിളിച്ചപ്പോൾ ആദ്യ റിങ്ങ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആവുകയായിരുന്നു. വാടക വീട്ടിൽ പോലീസ് എത്തിയപ്പോഴാണ് നരബലിയെ കുറിച്ച് സജി അറിയുന്നത്. അതേസമയം കഴിഞ്ഞ ജൂണിലാണ് സജീഷും റോസിലിനും വീടിന്റെ ഔട്ട് ഹൗസിൽ താമസം തുടങ്ങിയത് എന്നു വീട്ടുടമ ലീല പറയുന്നു. ഭാര്യ ഭർത്താക്കന്മാരാണ് എന്നാണ് ലീലയോട് പറഞ്ഞിരുന്നത്. ഇരുവർക്കും ഇടയിൽ പ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇരുവരും കടുത്ത ഭക്തരായിരുന്നു എന്നും എല്ലാ ഞായറാഴ്ചയിലും ഇടപ്പള്ളി പള്ളിയിൽ പോകാറുണ്ടെന്നും വീട്ടുടമ പറയുന്നു.