87 വയസ്സുള്ള അമ്മയ്ക്ക് നീലക്കുറിഞ്ഞി കാണാൻ മോഹം; 300 മീറ്ററോളം തോളിൽ ചുമന്ന് മകൻ അമ്മയെ മലമുകളിലെത്തിച്ചു; മലയോളം വളര്‍ന്ന മാതൃസ്നേഹം

പ്രായമാകുന്നതോടെ മാതാപിതാക്കളെ ഉപേക്ഷിക്കുകയും അനാഥാലയങ്ങളിലാക്കുകയും ചെയ്യുന്നവരെ കുറിച്ചുള്ള നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അവർ കണ്ടുപഠിക്കണം കോട്ടയം മുട്ടുച്ചിറയിലുള്ള പട്ടാളമുക്കില്‍ ഉള്ള പറമ്പിൽ കുടുംബാംഗങ്ങളെ.

87 വയസ്സുള്ള അമ്മയ്ക്ക് നീലക്കുറിഞ്ഞി കാണാൻ മോഹം; 300 മീറ്ററോളം തോളിൽ ചുമന്ന് മകൻ അമ്മയെ മലമുകളിലെത്തിച്ചു; മലയോളം വളര്‍ന്ന മാതൃസ്നേഹം 1

 87 കാരിയായ അമ്മയ്ക്ക് നീലക്കുറിഞ്ഞി കാണണമെന്ന മോഹം പങ്കുവെച്ചപ്പോൾ മക്കൾ അമ്മയുമായി ഒരു സാഹസിക യാത്രയ്ക്ക് മുതിരുകയായിരുന്നു.

 പട്ടാളമുക്കിൽ പറമ്പിൽ വീട്ടിൽ ഏലിക്കുട്ടി മക്കളായ ജോസഫ് പോൾ തോമസ് പോൾ എന്നിവർ കുടുംബത്തോടൊപ്പം ആണ് കഴിഞ്ഞ ദിവസം നീലക്കുറിഞ്ഞി പൂത്തത് കണ്ടു മടങ്ങിയത്.

87 വയസ്സുള്ള അമ്മയ്ക്ക് നീലക്കുറിഞ്ഞി കാണാൻ മോഹം; 300 മീറ്ററോളം തോളിൽ ചുമന്ന് മകൻ അമ്മയെ മലമുകളിലെത്തിച്ചു; മലയോളം വളര്‍ന്ന മാതൃസ്നേഹം 2

കഴിഞ്ഞ 32 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ വയോധികരെ നോക്കുന്ന സ്ഥാപനത്തിൽ നഴ്സായ ജോലി ചെയ്യുകയാണ് തോമസ് പോൾ. അഞ്ചുവർഷത്തിനു ശേഷം രണ്ടാഴ്ച മുൻപ് മാത്രമാണ് അദ്ദേഹം കുടുംബത്തിന്റെ ഒപ്പം നാട്ടിൽ അവധി ആഘോഷിക്കാൻ എത്തിയത്. കഴിഞ്ഞ ദിവസം അമ്മയുമായി സംസാരിക്കുന്നതിനിടയാണ് നീലക്കുറിഞ്ഞി പൂത്തത് കാണാൻ ആഗ്രഹമുണ്ടെന്ന് മകൻ അമ്മയോട് പറയുന്നത്. അമ്മയ്ക്കും അത് കാണാൻ മോഹമുണ്ടെന്ന് അറിഞ്ഞു.

 ഈ വിവരം അദ്ദേഹം കുടുംബത്തിലെ മറ്റുള്ളവരുമായി ചർച്ച ചെയ്തു. തുടർന്ന് മക്കളെല്ലാവരും കൂടി അമ്മയുമായി ഒരു യാത്ര പുറപ്പെട്ടു. നീലക്കുറിഞ്ഞി കാണിക്കാൻ കൊണ്ടുപോവുകയാണ് എന്ന് പറഞ്ഞതേയില്ല. സ്ഥലത്ത് എത്തുന്നതുവരെ വിവരം രഹസ്യമാക്കി വച്ചു. ഒടുവിൽ നീണ്ട 5 മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ശാന്തൻപാറയിൽ എത്തി. പതിവിൽ നിന്നും വ്യത്യസ്തമായി കൂടുതലായി തിരക്ക് അനുഭവപ്പെട്ടതോടെ നീലക്കുറിഞ്ഞി കാണുക എന്ന മോഹം പകുതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്ന് കരുതിയെങ്കിലും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് വിവരം പറഞ്ഞപ്പോൾ അവർ തന്നെ മുൻകൈയെടുത്ത് അവർക്ക് പോകാനുള്ള സാഹചര്യം ഒരുക്കി കൊടുത്തു.

നടക്കാൻ കഴിയാത്ത അമ്മയെ മകൻ തോമസ് പോൾ തോളിൽ ചുമന്നുകൊണ്ട് മലകയറി. കാഴ്ചകൾ ആവോളം ആസ്വദിച്ച് രാത്രി 9 മണിയോടെയാണ് ആ സംഘം തിരികെ വീട്ടിലെത്തിയത്. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത സംതൃപ്തിയിലാണ് ആ കുടുംബം  തിരികെവിദേശത്തേക്ക് മടങ്ങുക.

Exit mobile version