ക്യാൻസർ രോഗം ഭേദമാക്കി കൊടുക്കും എന്ന് പറഞ്ഞ് പൂജ നടത്തിയതിനു ശേഷം വീട്ടമ്മയിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത മന്ത്രവാദി തണ്ണിത്തോട് ചാവണിക്കൂട്ട് വീട്ടിൽ ബാലൻ എന്ന 53 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പണം തട്ടിയെടുത്തത് ആയിരവൻ സ്വദേശിയിൽ നിന്നുമാണ്.
ബാലന്റെ വീട്ടിൽ വച്ച് തന്നെ ആയിരുന്നു പൂജ നടത്തിയത്. പൂജയുടെ ആവശ്യങ്ങൾക്കും മറ്റുമായി 400000 രൂപ ഇയാൾ വീട്ടമ്മയിൽ നിന്നും കൈപ്പറ്റിയിരുന്നു. അസുഖം ഭേദമാകാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ദുർബന്ത്രവാദം നടത്തി ശരീരം തളർത്തി കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. രോഗബാധിതയായ വീട്ടമ്മയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശ്വാസ വഞ്ചനയ്ക്കും ഉദ്ദിഷ്ട കാര്യം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പറ്റിച്ചതിനുമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ഡി വൈ എസ്പി കെ ബൈജു കുമാറിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ബാലനെ മഞ്ഞ കടമ്പിൽ നിന്നും ശനിയാഴ്ച രാവിലെ പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും പൂജ നടത്തുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്ന സാധന സാമഗ്രികൾ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഇനിയും ഇതുപോലെ പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഈ കേസിൽ കൂടുതൽ ഇരകൾ ഉണ്ടായേക്കാം എന്ന സംശയവും പോലീസിനുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ അത് കണ്ടെത്താൻ കഴിയുള്ളൂ.