ട്രെയിനിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ബർത്ത് അതിഥി തൊഴിലാളികൾ കൈയേറിയ സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ ദമ്പതിമാർക്ക് 95000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി. പാലക്കാട് ഉപഭോക്തൃ കമ്മീഷനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ ഡോക്ടർ നിതിൻ പീറ്റർ അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ സരിത എന്നിവർ നൽകിയ പരാതിയിന്മേലാണ് വിധി ഉണ്ടായിരിക്കുന്നത്. ഈ കേസിൽ ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജർ തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർ ആയിരുന്നു എതിർകക്ഷികൾ ആയി ഉള്ളത്. ഈ കേസിന് ആസ്പദമായ സംഭവം നടന്നത് 2017 സെപ്റ്റംബർ ആറിനാണ്. അന്നേദിവസം രാവിലെ തിരുവനന്തപുരം ഹൗറ എക്സ്പ്രസ്സിൽ പാലക്കാട് നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നതിനിടയാണ് ദമ്പതികൾ ബുക്ക് ചെയ്തിരുന്ന ബർത്തുകൾ അതിഥി തൊഴിലാളികൾ കയ്യേറുന്നത്. 69 ,70 എന്നീ ബര്‍ത്തുകള്‍ ദമ്പതികള്‍ ബുക്ക് ചെയ്തിരുന്നു. ദമ്പതികൾ പാലക്കാട് ജംഗ്ഷനിൽ നിന്നും ട്രെയിനിൽ കയറിയപ്പോൾ 70 ആം നമ്പർ ബര്‍ത്തില്‍ 3 തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവരുടെ കൈവശം എഴുതി നൽകിയ ടിക്കറ്റ് ഉണ്ടായിരുന്നതിനാൽ ഇവർ ബർത്തൽ നിന്നും മാറാൻ കൂട്ടാക്കിയില്ല. ദമ്പതികൾ ബുക്ക് ചെയ്തിരുന്ന 69 നമ്പർ ബര്‍ത്തിന്‍റെ ചങ്ങല പൊട്ടിയിരുന്നതിനാൽ അത് ഉപയോഗിക്കാനും കഴിഞ്ഞില്ല. തുടർന്ന് ദമ്പതികൾ ഈ വിവരം കാണിച്ച് പാലക്കാട് സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും ടി ടി ഈയെ ബന്ധപ്പെടാനായിരുന്നു ലഭിച്ച വിവരം. എന്നാൽ തങ്ങളുടെ യാത്രയിൽ ഉടനീളം ടിക്കറ്റ് ചെക്ക് ചെയ്യുന്നതിനു ടി ടി ഈ എത്തിയിരുന്നില്ല എന്ന് ദമ്പതികൾ പറയുന്നു. തങ്ങൾക്ക് ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ ആ യാത്ര ദുരിത പൂർണമായിരുന്നു എന്നും ദമ്പതികൾ നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഉപഭോക്തൃ കമ്മീഷൻ ദമ്പതികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സേവനം ലഭിക്കാഞ്ഞതിനും, യാത്രക്കാർക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിനുമുള്ള നഷ്ടപരിഹാരമായി കണക്കാക്കിയാണ് 95000 രൂപ നഷ്ടപരിഹാരം നല്കാന്‍ വിധിച്ചത്.