ഇലന്തൂരിലെ നരബലി നടന്ന വീടും പരിസരവും പോലീസ് വിശദമായി അരിച്ചു പറക്കിയെങ്കിലും സംശയാസ്പദമായ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ഈ വീടിന്റെ പരിസരത്തുള്ള അലക്ക് കല്ലും ചെമ്പകവും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. നാട്ടുകാരാണ് പ്രധാനമായും ഇതിന്റെ പേരില്‍ സംശയം ഉന്നയിക്കുന്നത്.
ഭഗവത് സിംഗിന്റെ വീടിന് പിറകിലുള്ള അലക്കുകല്ല് സാധാരണ ഉള്ളതിൽ നിന്നും ഇരട്ടിയിലധികം വലിപ്പമുണ്ട് എന്നതാണ് സംശയത്തിന്റെ കാരണം. ഈ അലക്ക് കല്ലിന് ആറടിയോളം നീളമുണ്ട്. ഒരു ശവക്കല്ലറ നിർമ്മിച്ചിരിക്കുന്നതിന്‍റെ മാതൃകയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഈ അലക്കുകല്ലിലൂടെ ചേർന്ന് ഒരു പൈപ്പ് കണക്ഷൻ ഉണ്ട്. ഈ അലക്കുകല്ലിന് സമീപത്തു നിന്നും അഞ്ചടി അകലെയാണ് റോസിലിയുടെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ അലക്കുകല്ലിന് താഴെ ഇവർ മൃതദേഹം മറവ് ചെയ്തിട്ടുണ്ട് എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു. വീടിന്റെ പറമ്പിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് കാടവർ നായയെ ഉപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചിരുന്നില്ല. മണ്ണ് മാന്തൽ യെന്ത്രം ഉപയോഗിച്ച് ഈ കല്ലറ പൊളിച്ചു നീക്കി പരിശോധിക്കണം എന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്.
അതുപോലെതന്നെ ഭഗവത് സിംഗിന്റെ വീട്ടുമറ്റത്ത് തെക്കുപടിഞ്ഞാറ് ഭാഗത്ത് മൂലയ്ക്കായി രണ്ടു വർഷത്തോളം പഴക്കമുള്ള ഒരു ചെമ്പകം നിൽക്കുന്നുണ്ട്. ഈ ചെമ്പകത്തിന്റെ ചുവട്ടിലെ മണ്ണിന് കാര്യമായ ഉറപ്പില്ല. അതുകൊണ്ടുതന്നെ ഇവിടം കുഴിച്ചു പരിശോധിക്കണമെന്നും പ്രദേശവാസികൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് ഇന്നും തുടരും…