അമ്മയെ ജയിലിൽ അടയ്ക്കണം; പരാതിയുമായി മൂന്നു വയസ്സുകാരൻ പോലീസ് സ്റ്റേഷനിൽ; പരാതി ഇങ്ങനെ

അമ്മയ്ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ മൂന്നു വയസ്സുകാരൻ കൗതുകമായി. അമ്മ തന്‍റെ ചോക്ലേറ്റ് മോഷ്ടിക്കുന്നു എന്ന് പറഞ്ഞാണ് ഈ വിരുതൻ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കുട്ടിയുടെ പ്രധാനപ്പെട്ട  പരാതി അമ്മ തനിക്ക് മിഠായിയും മറ്റും തരുന്നില്ലെന്നും അതെല്ലാം അമ്മ തന്നെ മോഷ്ടിക്കുകയാണ് എന്നുമാണ്.

അമ്മയെ ജയിലിൽ അടയ്ക്കണം; പരാതിയുമായി മൂന്നു വയസ്സുകാരൻ പോലീസ് സ്റ്റേഷനിൽ; പരാതി ഇങ്ങനെ 1

മധ്യപ്രദേശിൽ ഉള്ള ബുർഹാൻ പൂർ ജില്ലയിലെ ദത് തലായ് എന്ന് പേരുള്ള ഗ്രാമത്തിലുള്ള പോലീസ് സ്റ്റേഷനിലാണ് വിചിത്രമായ പരാതിയുമായി കുട്ടി എത്തിയത്. പിതാവിന്റെ ഒപ്പം സ്റ്റേഷനിൽ എത്തിയ കുട്ടി പറഞ്ഞത്,തന്റെ ചോക്ലേറ്റുകൾ മോഷ്ടിക്കുന്ന അമ്മയെ എത്രയും വേഗം ജയിലിൽ അടക്കണമെന്നാണ്. സ്റ്റേഷനിലെത്തിയ കുട്ടി അവിടെയുണ്ടായിരുന്ന പ്രധാന പോലീസ് ഉദ്യോഗസ്ഥയോട് സ്വയം പരാതി വിശദീകരിക്കുകയും ചെയ്തു. അവൻ അമ്മയോട് ചോക്ലേറ്റ് ചോദിക്കുമ്പോൾ അടിക്കുന്നതായും കുട്ടി പറഞ്ഞു.

കാര്യം തമാശയാണെങ്കിലും കുട്ടിയുടെ എല്ലാ പരാതിയും പോലീസ് ഉദ്യോഗസ്ഥ രേഖപ്പെടുത്തി. പരാതി കേട്ട് സ്റ്റേഷനിൽ ഉണ്ടായിരുന്നു മറ്റ് ഉദ്യോഗസ്ഥർക്കും ചിരി അടക്കാനായില്ല. തുടർന്ന് ഒപ്പമുണ്ടായിരുന്ന പിതാവ് കാര്യങ്ങൾ വിശദീകരിച്ചു. കുട്ടിയുടെ അമ്മ മകനെ കുളിപ്പിച്ചതിനുശേഷം കൺമഷി ഇടുകയായിരുന്നു. അപ്പോൾ മകൻ ചോക്ലേറ്റ് കഴിക്കണം എന്ന് പറഞ്ഞു ശല്യപ്പെടുത്തി. നിർബന്ധിച്ചപ്പോൾ അമ്മ അവനെ ചെറുതായി ഒന്ന് അടിക്കുകയും ചെയ്തു. ഇതോടെ മകൻ നിർത്താതെ കരച്ചിൽ ആരംഭിച്ചു. തന്നെ ഉടൻ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകണമെന്ന് പറഞ്ഞു വാശിപിടിച്ചു കരഞ്ഞു. എന്തൊക്കെ ചെയ്തിട്ടും കരച്ചിൽ നിർത്താതെ വന്നതോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് വന്നതെന്ന് പിതാവ് പറഞ്ഞു.

ഒടുവിൽ പോലീസുകാർ അവനെ ഉപദേശിച്ചു. അമ്മയ്ക്ക് മോശമായ ഒരു ഉദ്ദേശവും ഇല്ലെന്നും, വീട്ടിൽ ചെല്ലുമ്പോൾ അമ്മ ചോക്ലേറ്റ് തരുമെന്നും പറഞ്ഞപ്പോൾ അവന് സമാധാനമായി. തുടർന്ന് വളരെ സന്തോഷത്തോടെയാണ് ആ കുട്ടി തിരികെ വീട്ടിലേക്ക് പോയതെന്ന് സബ് ഇൻസ്പെക്ടർ പ്രിയങ്ക നായക് പിന്നീട് പറഞ്ഞു.

Exit mobile version