ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്നത് പുതിയ വാര്‍ത്തകളാണ്. ഇപ്പോഴിതാ ഈ കേസ്സിലെ പ്രധാന സൂത്രധാരനായ
മുഹമ്മദ് ഷാഫി ഇലന്തൂരിലെ നരബലി നടന്ന വീട്ടിൽ കൊണ്ടു വന്ന് തങ്ങളെ പീഡിപ്പിച്ചതായി രണ്ട് യുവതികൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകി. ഉല്ലാസ യാത്ര നടത്താൻ എന്ന പേരിലാണ് തങ്ങളെ ഇലന്തൂരിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് യുവതികൾ പോലീസിനോട് പറഞ്ഞു.
ഇവർക്ക് ഷാഫിയുമായി മയക്കുമരുന്നിന്റെ ഇടപാടുകൾ ഉണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങൾ ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല. എറണാകുളം നഗരത്തിലുള്ള 2 സ്ത്രീകൾ മുഹമ്മദ് ഷാഫിയുടെ മയക്കുമരുന്ന് വിൽപ്പനയിലെ കണ്ണികൾ ആണെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ ഭഗവത് സിംഗിന്റെയും ഭാര്യ ലൈലയുടെയും സഹായത്തോടെ ഷാഫി പീഡിപ്പിച്ചതായി ഇവർ പോലീസിനോട് പറഞ്ഞത്.
അതേസമയം ഷാഫിക്ക് നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടെന്നും ഇവ ഉപയോഗിക്കുവാൻ ഷാഫിയെ മറ്റാരോ സഹായിച്ചിട്ടുള്ളതായും പോലീസിന് സൂചന ലഭിച്ചു. കൊല്ലപ്പെട്ട ലോട്ടറി വില്പനക്കാരിയായ പത്മത്തിന്റെ സ്വർണാഭരണങ്ങൾ ഒരു പണയ സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പത്മയെ കൊലപ്പെടുത്തിയതിനു ശേഷം ഇയാൾ അവരുടെ സ്വർണാഭരണങ്ങൾ ഗാന്ധിനഗറിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ച് ഒരു ലക്ഷത്തി പതിനായിരം രൂപ വായ്പ്പ എടുത്തിരുന്നു. ഇയാൾ ഇത്തരത്തിൽ നേരത്തെയും സ്വർണാഭരണം പണയം വെച്ച് പണം എടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.