മനുഷ്യനോട് ഏറ്റവും ചേർന്ന് നിൽക്കാൻ ഇഷ്ടപ്പെടുന്ന മൃഗമാണ് നായ. സ്വന്തം ജീവൻ നഷ്ടപ്പെടുത്തി പോലും നായകൾ അതിന്റെ യജമാനനെ സംരക്ഷിച്ചു നിർത്തും. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നും കഴിഞ്ഞ ദിവസം അത്തരം ഒരു വാർത്ത പുറത്തു വരികയുണ്ടായി. മൂർഖൻ പാമ്പില്‍ നിന്നും വീട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റ വളർത്തുനായ മരണത്തിന് കീഴടങ്ങി എന്ന വാർത്ത അത്തരത്തിൽ ഒന്നാണ്. സംഭവം നടന്നത് തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ്. കഴിഞ്ഞ 10 വർഷത്തോളമായി വീട്ടുകാരുടെ ഒപ്പം ഉണ്ടായിരുന്ന നായക്കാണ് തന്റെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടമായത്.
പുതുക്കോട്ടയിലുള്ള ഇലപ്പൂർ ഗ്രാമത്തിൽ കർഷക വൃത്തി നടത്തി വന്നിരുന്ന
ജയപാലന്റെയും കുടുംബത്തിന്റെയും ജീവനാണ് നായ സ്വന്തം ജീവൻ കൊടുത്ത് സംരക്ഷിച്ചു നിർത്തിയത്. കഴിഞ്ഞ ഒക്ടോബർ 14ന് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച മൂർഖൻ പാമ്പിനെ വീടിന്റെ ഉള്ളിലേക്ക് കയറാൻ നായ അനുവദിച്ചില്ല. തുടർന്ന് പാമ്പുമായി ഉണ്ടായ പോരാട്ടത്തിൽ നിരവധി തവണ നായക്ക് കടിയേറ്റു. ഒടുവിൽ പാമ്പിനെ നായ വക വരുത്തിയെങ്കിലും അന്നേ ദിവസം രാത്രി വളർത്തു നായ മരണത്തിന് കീഴടങ്ങി.
വീട്ടിലെ ഒരു അംഗത്തെ പോലെ ചേർത്തു നിർത്തിയ നായയുടെ മരണം വീട്ടുകാരിൽ തീരാദുഃഖത്തിന് ഇടയാക്കി. ജയപാലനും ഭാര്യയും മകനും അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. തങ്ങളെ ആപത്ഘട്ടത്തിൽ
രക്ഷിക്കുന്നതിന് വേണ്ടി ജീവൻ വെടിഞ്ഞ നായക്ക് ആചാരപ്രകാരം ഉള്ള
മരണാനന്തര ചടങ്ങുകൾ നടത്തിയാണ് കുടുംബം യാത്രയാക്കിയത്.