അമിതമായി മദ്യപിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി അപകടമരണത്തിന് ഇരയായ ആളിന് ഇൻഷുറൻസ് തുക നിഷേധിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. അമിതമായി മദ്യപിക്കുകയും അശ്രദ്ധയോടെ വാഹനം ഓടിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെങ്കിൽ
മാത്രമേ ഇൻഷുറൻസ് ആനുകൂല്യം നിഷേധിക്കാൻ കഴിയുള്ളൂ എന്നും കോടതി അറിയിച്ചു. വാഹനാപകടത്തിൽപ്പെട്ടു മരിച്ച തൃശ്ശൂർ സ്വദേശിയുടെ ആശ്രിതർക്ക് ഇൻഷുറൻസ് ത്തുക നൽകുന്നതിനുള്ള ഉത്തരവിനെ ചോദ്യം ചെയ്തു നാഷണൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളി കൊണ്ടാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
ഇറിഗേഷൻ ജോലി ചെയ്തു വന്നിരുന്ന ഇയാള്‍ 2009 മെയ് 19ന് ദേശീയപാതയിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയാണ് എതിർവശത്തു നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മരണപ്പെട്ടത്. അശ്രദ്ധമായ ഡ്രൈവിങ്ങിന്റെ പേരിൽ ബസ് ഡ്രൈവറുടെ മേൽ പോലീസ് കേസെടുത്തിരുന്നു. പിന്നീട് വില്ലേജ് ഓഫീസർ തയ്യാറാക്കി നൽകിയ സ്കെച്ചിലും ബൈക്ക് യാത്രക്കാരൻ അദ്ദേഹത്തിന്റെ ഭാഗത്ത്കൂടിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ബൈക്ക് യാത്രികന്റെ ശരീരത്തിൽ അനുവദനീയമല്ലാത്തതിനെക്കാൾ കൂടുതൽ മദ്യത്തിന്റെ അംശം ഉള്ളതായി കണ്ടെത്തി. ഇതോടെയാണ് ഇൻഷുറൻസ് തുക നിഷേധിക്കണമെന്ന് ആവശ്യവുമായി കമ്പനി മുന്നോട്ടു വന്നത്.
എന്നാൽ മദ്യത്തിന്റെ അളവല്ല ഇൻഷുറൻസ് നൽകുന്നതിനുള്ള മാനദണ്ഡമെന്നും, മദ്യം ഓരോ വ്യക്തിയിലും ഉണ്ടാക്കുന്ന സ്വാധീനം വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. മദ്യം കുറച്ചു കഴിച്ചാൽ പോലും ചിലരിൽ കൂടുതൽ കഴിച്ചവരേക്കാൾ ലഹരി ഉണ്ടാകാറുണ്ട്. ഇത് ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് വ്യത്യസ്തമാണ്. അതിനു ഒരു പൊതുവായ മാനദണ്ഡം സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.