കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച ഇരട്ട നരബലിയുമായി ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യമാംസം വലിയ തുകയ്ക്ക് വിൽപ്പന നടത്താമെന്ന് ഷാഫിയും ലൈലയും വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ ശരീര ഭാഗങ്ങളും പ്രത്യേകം മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചത്. മനുഷ്യമാംസത്തിന് 20 ലക്ഷം രൂപ വരെ ലഭിക്കുംഎന്നായിരുന്നു ഷാഫി മറ്റ് രണ്ട് കൂട്ട് പ്രതികളെയും പറഞ്ഞു വിശ്വസ്സിപ്പിച്ചിരുന്നത്. ഹൃദയം കരൾ മാറിടം എന്നിവയ്ക്ക് പ്രത്യേകം വില ലഭിക്കുമെന്നും ഇയാൾ ലൈലയോടും ഭഗത് സിംഗിനോടും പറഞ്ഞിരുന്നു.
ബാംഗ്ലൂരിൽ നിന്നും മനുഷ്യ മാംസം വാങ്ങുന്നതിന് ആൾ എത്തുമെന്ന് പറഞ്ഞു ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ സ്ത്രീകളുടെ ആന്തരിക അവയവങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഷാഫി വിശ്വസിപ്പിച്ചിരുന്നതുപോലെ ഇത് വാങ്ങാൻ ആരും വരാഞ്ഞതോടെ പിന്നീട് ഇത് പറമ്പിൽ കുഴിച്ചിടുകയായിരുന്നു. കൊലപാതകം നടന്നതിന്റെ പേരിൽ ഷാഫി ലൈലയെയും ഭഗവത് സിംഗിനെയും നിരന്തരം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടി. ആറുലക്ഷം രൂപയാണ് ഇത്തരത്തിൽ ഷാഫി കൂട്ടു പ്രതികളിൽ നിന്നും കബളിപ്പിച്ച് നേടിയെടുത്തത്.
അതെ സമയം ഷാഫി എറണാകുളത്തുള്ള ഒരു മോർച്ചറിയിൽ സഹായിയായി നിന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നതിന്റെ പരിചയമാണ് ഇയാളെ മൃതദേഹം മുറിക്കാൻ സഹായിച്ചത്. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടി ഇയാളെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. ഷാഫി നേരത്തെ ഇറച്ചി വെട്ടുന്ന ജോലിയും ചെയ്തുവന്നിരുന്നു. കൂടാതെ അജ്ഞാത മൃതദേഹങ്ങൾ മറവ് ചെയ്യുന്ന ജോലിയും ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.