‘മാങ്ങാക്കള്ളൻ’ പോലീസിന് വാരിക്കുഴി ഒരുക്കി പോലീസ്; കേസ് ഒത്തുതീർപ്പാക്കിയാലും രക്ഷയില്ല

മാങ്ങ മോഷ്ടിച്ചതിനു ശേഷം ഒളിവിൽ പോയിരിക്കുന്ന പോലീസുകാരൻ ഷിഹാബിന്‍റെ  നീക്കങ്ങൾ മുൻകൂട്ടി കണ്ടു തുടർനടപടി സ്വീകരിക്കാൻ ഒരുങ്ങി കേരള പോലീസ്. ഇപ്പോൾ ഒളിവിൽ കഴിയുന്ന ഷിഹാബ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പരാതിക്കാരൻ കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഷിഹാബിനെതിരെ നിലപാട് എടുത്തിരിക്കുന്നത്. കേസ് പിൻവലിക്കേണ്ട എന്നാണ് പോലീസ് പറയുന്നത്. കാരണം ഈ കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം ആയിരിക്കും നൽകുകയെന്നും, മോഷണത്തിൽ പ്രതിയായിരിക്കുന്നത് ഒരു പോലീസുകാരനാണ് എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടുന്നു. നീതിയും ന്യായവും പാലിക്കേണ്ട ഒരാൾ കേസിൽ ഉൾപ്പെടുക എന്നത് തന്നെ അതീവ ഗൗരവമുള്ള കുറ്റമാണ്, ഇത് പോലീസ് സേനയ്ക്ക് തന്നെ മാനക്കേട് ഉണ്ടാക്കി. അതുകൊണ്ടുതന്നെ ഈ കേസ് പിൻവലിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

‘മാങ്ങാക്കള്ളൻ’ പോലീസിന് വാരിക്കുഴി ഒരുക്കി പോലീസ്; കേസ് ഒത്തുതീർപ്പാക്കിയാലും രക്ഷയില്ല 1

സംഭവം നടന്ന 20 ദിവസത്തോളം ആയിട്ടും ഇതുവരെ ഷിഹാബിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് സേനയുടെ ഭാഗമായിരുന്നതുകൊണ്ട് തന്നെ ഒരാൾ ഒളിവിൽ പോയാൽ പോലീസ് ഏതൊക്കെ വിധത്തിൽ അന്വേഷിച്ച് പ്രതിയിലേക്ക് എത്തും എന്ന് ഇയാൾക്ക് മുൻധാരണയുണ്ട്. അതുകൊണ്ടാണ് ഒരു പരിധിവരെ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കാതെ പോകുന്നത്. സെപ്റ്റംബർ 30ന് പുലർച്ചെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്ത വ്യാപാര പച്ചക്കറി കടയുടെ മുന്നിൽ വച്ചിരുന്ന മാങ്ങ മോഷ്ടിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. ഇയാൾ മാങ്ങാ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഷിഹാബിനെ  സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.ഒരു നിയമപാലകന്‍ തന്നെ ഇത്തരം ഒരു കുറ്റകൃത്യത്തിൽ പങ്കെടുത്തത് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി മാറി.

Exit mobile version