വടക്കഞ്ചേരി വാഹന അപകടവുമായി ബന്ധപ്പെട്ട് സ്കൂൾ വിനോദയാത്രയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചു സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് ഒരു അക്കാദമിക് വർഷത്തിൽ മൂന്ന് ദിവസം മാത്രമേ യാത്രയ്ക്ക് അനുവദിച്ചിട്ടുള്ളൂ. അതുപോലെതന്നെ സ്കൂളില്‍ നിന്നും വിനോദ യാത്ര നടത്തുന്നതിനു മുന്നോടിയായി രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു വിശദമായ ചർച്ച നടത്തണം. മാത്രമല്ല പോലീസിനെയും ഗതാഗത വകുപ്പിനെയും ഈ യാത്രയെക്കുറിച്ച് അറിയിച്ചിരിക്കുകയും വേണം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമേ വിനോദയാത്ര പാടുള്ളൂ. രാത്രി 10 നും രാവിലെ അഞ്ച് മണിക്കും ഇടയില്‍ യാത്ര പാടില്ല എന്നും ഈ ഉത്തരവിലുണ്ട്.
വടക്കഞ്ചേരി അപകടത്തിൽപ്പെട്ട 9 പേർ മരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് ഗതാഗത നിയമത്തിൽ കൂടുതല്‍ ശക്തമായ പുനക്രമീകരണമാണ് ഇപ്പോള്‍ സർക്കാർ ഒരുക്കിയിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ സ്റ്റിക്കറുകളും മറ്റും സമ്പൂർണ്ണമായി നീക്കം ചെയ്ത് കഴിഞ്ഞു. ബസ്സുകൾക്ക് ഏകീകൃത നിറം പാലിക്കണമെന്നും ഉത്തരവിറക്കി. സംസ്ഥാനത്ത് എല്ലാ ടൂറിസ്റ്റ് ബസ്സുകള്‍ക്കും വെള്ള നിറം വേണമെന്ന് സര്ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർന്നു വരുന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത്.
അതേസമയം വെള്ള നിറത്തിലുള്ള ബസുകൾ അല്ലാത്ത ഒന്നും നിരത്തിലിറങ്ങാൻ പാടില്ല എന്ന ഉത്തരവിനെതിരെ വിമർശനവും ഉയർന്നു വന്നു. പെട്ടെന്നൊരു ദിവസം ബസ്സിന്‍റെ നിറം മാറ്റാന്‍ പറയുന്നത് പ്രായോഗികമല്ല എന്നാണ് ഒരു വിഭ്ഗമ് ബസ് ഉടമകൾ അറിയിച്ചത്. എന്നാൽ നിയമം ശക്തമായി നടപ്പാക്കുമെന്ന് സർക്കാർ തീര്‍ത്തു പറയുന്നു.