ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ കൂടിവരുന്ന ഒരു സാഹചര്യം ആണ് ഇന്ന് നിലവിലുള്ളത്. നിരവധിപേർ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ഇത്തരം ഒരു വാർത്ത പുറത്തുവരികയുണ്ടായി. 200 രൂപയുടെ മഹാരാജ ബോഗ് താലി ഓർഡർ ചെയ്ത യുവതിക്കു 8.46 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
‘ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം’ 200 രൂപ എന്ന ഓഫർ കണ്ട് യുവതി സമൂഹ മാധ്യമത്തിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തു. ആ ഒറ്റ ക്ലിക്കൽ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. ബാന്ദ്ര സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
ഭക്ഷണത്തിന്റെ വിലയായ 200 രൂപ ഓൺലൈൻ വഴി അടക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇവരുടെ മൊബൈൽ റിമോട്ട് ആക്സസ് നൽകി. ഇത് മുഖേനയാണ് തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ ചോർത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കൈവശം ആദ്യം ഉണ്ടായിരുന്ന ആകെയുള്ള സമ്പാദ്യമാണ് തട്ടിപ്പുകാർ കൈവശപ്പെടുത്തിയത്.
ഫേസ്ബുക്കിൽ കണ്ട ലിങ്കിൽ മഹാരാജ താലിയുടെ പരസ്യം കണ്ടാണ് ഇവർ ക്ലിക്ക് ചെയ്യുന്നത്. തുടർന്ന് മൊബൈൽ നമ്പറും ബാങ്ക് വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു ലിങ്കും ഇവർക്ക് ലഭിച്ചു. അതിൽ ഡെബിറ്റ് കാർഡ് ഉൾപ്പെടെയുള്ള ബാങ്ക് വിവരങ്ങൾ ഇവർ നൽകി.
തുടർന്ന് തട്ടിപ്പുകാർ ഇവരോട് സോഹോ അസിസ്റ്റ് എന്ന റിമോട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഇവർക്ക് ഇതിൽ നിന്നും ഒരു ഓ ടി പി യും ലഭിച്ചു. തുടർന്ന് നടത്തിയ ഇടപാടുകളിൽ നിന്നായി 8.46 ലക്ഷം രൂപ കവർന്നു. പിന്നീട് ഇടപാടുകൾ സംബന്ധിച്ച മെസ്സേജ് കണ്ടതോടെയാണ് ഇവർ പരാതിയുമായി ബാങ്കിൽ എത്തുന്നത്. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടു എന്ന വിവരം തിരിച്ചറിയുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.