മലയാളത്തിലെ പ്രമുഖ നടിയും സംവിധായകയുമായ ഗീതു മോഹൻദാസിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകന് ലിജു കൃഷ്ണ രംഗത്ത്. തന്റെ പേരിൽ ഉയർന്നുവന്ന പീഡന പരാതിക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഗീതു മോഹൻദാസ് ആണോ എന്ന കാര്യം വിശദമായി അന്വേഷിക്കണം എന്നാണ് സംവിധായകന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസിനെതിരെ വിവിധ സംഘടനകൾക്ക് പരാതി നൽകിയിട്ടുള്ളതായും സംവിധായകൻ പറഞ്ഞു. തനിക്കെതിരെ ഗീതു മോഹൻദാസ് ഡബ്ലിയു സി സി യുടെ അധികാരം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സംവിധായകന് അഭിപ്രായപ്പെട്ടു.
പടവെട്ട് എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ അതിൽ ചില മാറ്റങ്ങൾ വേണമെന്ന് ഗീതു മോഹൻദാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ഇത് അംഗീകരിച്ചില്ല. ഇത് അവർക്ക് തന്നോടുള്ള വൈരാഗത്തിന് കാരണമായി. അതുകൊണ്ടുതന്നെ ഈ പരാതിയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഗീതു മോഹൻദാസ് ആണോ എന്ന കാര്യം അന്വേഷിക്കണമെന്നും തനിക്കെതിരെ ഉയർന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കുമെന്നും സംവിധായകൻ പറഞ്ഞു.
ഏതാനും മാസങ്ങൾക്കു മുൻപാണ് പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജു കൃഷ്ണക്കെതിരെ പരാതിയുമായി ചിത്രത്തിന്റെ തന്നെ അണിയറ പ്രവർത്തകരിൽ ഒരാളായ യുവതി രംഗത്ത് വന്നത്. പടവെട്ട് എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാടകയ്ക്കെടുത്ത വീട്ടിൽ തന്നെ കൊണ്ടുപോയെന്നും അവിടെ വച്ച് ലൈംഗികമായി ദുരുപയോഗം നടത്തി എന്നുമാണ് യുവതിയുടെ പരാതി. ആർത്തവ സമയത്ത് പോലും തന്നെ പീഡിപ്പിച്ചതായും ശരീരത്തിന് ക്ഷതം സംഭവിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞെങ്കിലും അതിനു പോലും അയാൾ തയ്യാറായില്ല എന്നും യുവതി ആരോപിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.