മൂത്രം കുടിക്കുക, യൂറിൻ തെറാപ്പി എന്നൊക്കെ കേൾക്കുമ്പോൾ നെറ്റ് ചുളിക്കുമെങ്കിലും അസുഖം മാറാനും ആരോഗ്യം പരിരക്ഷിക്കുന്നതിനും യൂറിൻ തെറാപ്പി നല്ലതാണ് എന്ന് കരുതി ഇപ്പോഴും ഇത് ചെയ്യുന്ന നിരവധി പേരെ നമുക്കറിയാം. എന്നാൽ ഇതിന്റെ പിന്നിൽ എന്തെങ്കിലും വാസ്തവമുണ്ടോ, യൂറിന്‍ തെറാപ്പി കൊണ്ട് ഗുണമുണ്ടാകുമോ എന്ന് തുടങ്ങിയ നിരവധി സംശയങ്ങൾ ഇന്നും സാധാരണക്കാർക്ക് ഇടയിലുണ്ട്.
മുറിവ് ഉണക്കുന്നതിനും പല്ലിന്റെ വെള്ള നിറം നിലനിർത്തുന്നതിനും ആധുനിക വൈദ്യശാസ്ത്രം നിലവിൽ വരുന്നതിനു മുൻപ് ഈജിപ്തുകാരും ഇന്ത്യക്കാരും ചൈനക്കാരും ഒക്കെ മൂത്രം ഉപയോഗിച്ചിരുന്നു. എന്നാൽ മെഡിസിനൽ അല്ലാത്ത ചില കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ശുദ്ധജലം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ മുറിവ് കഴുകാനും മറ്റും മൂത്രമായിരുന്നു പാലരും ഉപയോഗിച്ചിരുന്നത്.
നമ്മുടെ ശരീരത്തിലെ രക്തം അരിച്ചെടുക്കുമ്പോൾ വൃക്കകളിൽ നിന്ന് പുറം തള്ളുന്നതാണ് മൂത്രം. ശരീരത്തിന് ആവശ്യമുള്ളത് എടുത്തതിനു ശേഷം ബാക്കി വരുന്നതാണ് മൂത്രത്തിലൂടെ നീക്കം ചെയ്യുന്നത്. മൂത്രസഞ്ചിയിൽ ആണ് ഇത് സൂക്ഷിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ ഇത് പുറത്തു പോവുകയും ചെയ്യുന്നു.
മൂത്രത്തിൽ 95 ശതമാനവും അടങ്ങിയിരിക്കുന്നത് വെള്ളമാണ്. ബാക്കിയുള്ള രണ്ട് ശതമാനം യൂറിയയും .1 ശതമാനം ക്രിയാറ്റിനും ആണ് അടങ്ങിയിട്ടുള്ളത്. കാൽസ്യം , പൊട്ടാസ്യം , സോഡിയം തുടങ്ങിയ മൂലകങ്ങളുടെ ലവണങ്ങളും ആണ് മൂത്രത്തിൽ അടങ്ങിയിട്ടുള്ളത്. മൂത്രത്തിൽ യൂറിയ ഉണ്ടെങ്കിൽ പോലും അത് മരുന്നായി ഉപയോഗിക്കാൻ തക്ക അളവിൽ ഇല്ല. മനുഷ്യ ശരീരത്തിൽ നിന്നും വിസർജ്യം എന്ന നിലയിൽ പുറത്തു കളയുന്ന മൂത്രം പലപ്പോഴും വിപരീതഫലം ആയിരിക്കും ഉണ്ടാക്കുക. കാരണം നമ്മുടെ ശരീരം വളരെ കഷ്ടപ്പെട്ട് പുറംതള്ളിയ വസ്തുക്കളാണ് മൂത്രത്തിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും. ചിലപ്പോൾ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകൾ പോലും ഇങ്ങനെ പുറന്തള്ളുന്ന മൂത്രത്തിൽ അടങ്ങിയിട്ടുണ്ടാകാം. ഇത് വീണ്ടും ശരീരത്തിൽ എത്തുന്നത് കൂടുതൽ ദോഷം ചെയ്യും . ഇത് അണുബാധ, വയറുവേദന , ഛർദി , വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമായേക്കാം. വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ പോലും മൂത്രം കുടിക്കുന്നത് ശരീരത്തിന് ഗുണകരമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരം പുറന്തള്ളിയ മൂത്രം അണുവിമുക്തമല്ല. അതുകൊണ്ട് യൂറിൻ തെറാപ്പി പോലെയുള്ള രീതികൾ പിന്തുടരാതെ ചികിത്സ തേടുകയാണ് വേണ്ടത്.