മതപരമായ വ്യക്തി നിയമങ്ങൾ അനുസരിച്ചുകൊണ്ടുള്ള വിവാഹങ്ങൾ നടത്താതെ ഉള്ള വിവാഹ രജിസ്ട്രേഷന് നിയമപരമായി സാധൂത ഇല്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു . വിവാഹം രജിസ്റ്റർ ചെയ്തുകൊണ്ട് മാത്രം അവരെ വിവാഹിതരായ ദമ്പതികളായി കണക്കാക്കാൻ കഴിയില്ല. ഓരോ വ്യക്തിയുടെയും മതത്തിന്റെ രീതികൾ അനുസരിച്ച് വിവാഹം നടത്തേണ്ടത് നിർബന്ധമാണ്.
ഓരോ വ്യക്തിയും വ്യക്തി നിയമങ്ങൾ അനുസരിച്ചുള്ള ചടങ്ങ് മുഖേന വിവാഹിതരായെങ്കിൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയൂ. അല്ലാത്ത പക്ഷം വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ വിവാഹം റദ്ദാക്കി തരണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം യുവതി കോടതിയിൽ സമർപ്പിച്ച ഹർജി ശരിവെച്ചു കൊണ്ടാണ് കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത് . തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കസിൻ തന്നെ വിവാഹം കഴിക്കുക ആയിരുന്നു എന്ന് കാണിച്ചാണ് യുവതി കോടതിയിൽ ഹർജി സമർപ്പിച്ചത്. തന്റെ വിവാഹം ഇസ്ലാമിക നിയമമനുസരിച്ച് നടന്നിട്ടില്ലെന്നും പരാതിക്കാരി കോടതിയില്‍ സര്‍പ്പിച്ച ഹർജിയിൽ പറയുന്നു.
തുടർന്ന് വിവാഹ രജിസ്ട്രേഷൻ നടത്തുന്നതിനു മുൻപ് ഇരുകക്ഷികളും വ്യക്തി നിയമം അനുസരിച്ച് വിവാഹിതർ ആയിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ രജിസ്ട്രേഷൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു. അപേക്ഷ നൽകി എന്ന കാരണം കൊണ്ട് മാത്രം യാന്ത്രികമായി വിവാഹ രജിസ്ട്രേഷൻ നടത്താൻ പാടില്ല . വ്യക്തിനിയമം അനുസരിച്ചുള്ള വിവാഹ ചടങ്ങുകൾ നടത്താതെ ലഭിക്കുന്ന വിവാഹ സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റ് ആയി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.