രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് ദോഷ്നോക്ക് എന്ന റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ചു നടന്നാൽ പ്രശസ്തമായ കർണ്ണിമാതാ ക്ഷേത്രത്തിലെത്തും. പാരമ്പര്യത്തിന്‍റെ പ്രൌഢി വിളിച്ചോത്തുന്ന ഈ ക്ഷേത്രത്തിന്റെ അങ്കണത്തിലേക്ക് കടക്കുമ്പോൾ തന്നെ നിറയെ എലികളെ കാണാം. എലികളാണ് ഈ ക്ഷേത്രത്തിന്റെ കാവൽക്കാർ എന്ന് വേണമെങ്കിൽ പറയാം. ഇവിടുത്തെ പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ഇവിടെയുള്ള എലികളാണ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ അതീവ ദുഷ്ടനായ ഒരു ഭരണാധികാരി മാനസാന്തരപ്പെട്ട് തനിക്കും തന്റെ വംശത്തിനും മാപ്പ് നൽകണമെന്ന് ദുർഗ്ഗാദേവിയോട് അപേക്ഷിച്ചുവെന്നും, ഈ ഭരണാധികാരിക്ക് മാപ്പ് നൽകിയ ദുർഗ്ഗാദേവി ആ വംശത്തെ എലികള്‍ ആക്കി മാറ്റി ഈ ക്ഷേത്രത്തിൽ അഭയം നൽകിയെന്നുമാണ് ഐതിഹ്യം. ഇത് കൂടാതെ തന്നെ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്.
നിലവില്‍ 25000ത്തിലധികം എലികളാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത് എന്നാണ് ഏകദേശ കണക്ക്. ഇതിൽ രണ്ട് വെള്ള എലികളും ഉണ്ട്. ഈ വെള്ള എലികളെ കാണുകയോ ഇവരുടെ ദേഹത്ത് സ്പർശിക്കുകയോ ചെയ്യുന്നത് പുണ്യമായും ദേവി പ്രസാദിച്ചു എന്നതിന്റെ തെളിവായുമാണ് ഇവിടുത്തെ ഭക്തർ കണക്കാക്കുന്നത്.
ഏതെങ്കിലും കാരണവശാൽ ഭക്തർ അബദ്ധത്തിൽ എലിയെ കൊല്ലുകയാണെങ്കിൽ അതിന് പ്രായശ്ചിത്തം എന്നോണം സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ എലിയെ ക്ഷേത്രത്തിന് സംഭാവനയായി നല്‍കണമെന്നാണ് വിശ്വസം. വെണ്ണക്കല്ലില്‍ തീര്‍ത്ത തൂണുകളും വളരെ പ്രൗഢമായ കൊത്തുപണികളും നിറഞ്ഞ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് രാജസ്ഥാൻ മരുഭൂമിയില്‍ നിന്നും ഉയരത്തിലാണ്. വിശേഷപ്പെട്ട നിരവധി ഐതിഹ്യങ്ങളും പ്രത്യേകതകളും ഉള്ളതുകൊണ്ട് തന്നെ ഇവിടേക്ക് എല്ലായിപ്പോഴും സഞ്ചാരികളുടെ ഒഴുക്കാണ്.