എക്സൈസ് സംഘത്തെ വെട്ടിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടിക്കയറിയത് വനിതാ പോലീസിന്റെ വീട്ടു വളപ്പിൽ

പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന് പറയുന്നതുപോലെയായി കാര്യങ്ങൾ. എക്സൈസ് സംഘത്തിന്റെ കണ്ണു വെട്ടിച്ച് ഓടിവന്ന കഞ്ചാവ് കേസിലെ പ്രതിക്ക് പറ്റിയ അബദ്ധത്തെ അങ്ങനെ വിശേഷിപ്പിക്കാനേ കഴിയു. കാരണം ഇയാൾ രക്ഷപ്പെടാൻ വേണ്ടി സഹായം അഭ്യർത്ഥിച്ച് ഓടി കയറിയത് വനിതാ പോലീസിന്റെ വീട്ടുവളപ്പിൽ ആണ്. ഇയാളെ  കണ്ടപ്പോൾ തന്നെ സംശയം തോന്നിയ വനിതാ പോലീസ് ഉദ്യോഗസ്ഥ ഒന്ന് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

എക്സൈസ് സംഘത്തെ വെട്ടിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടിക്കയറിയത് വനിതാ പോലീസിന്റെ വീട്ടു വളപ്പിൽ 1

പ്രാവട്ടം ആയിരവേലി ഭാഗത്ത് താമസിച്ചു വരുന്ന സിവിൽ പോലീസ് ഓഫീസർ ആയ കന്‍സിയുടെ വീട്ടിലാണ് അജിത്ത് എന്ന കഞ്ചാവ് കേസിലെ പ്രതി ഓടി കയറിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ കന്‍സി വീട്ടിൽ വിശ്രമിക്കുക ആയിരുന്നു. അപ്പോഴാണ് വീടിന്റെ അടുത്ത് ആരുടെയോ കാൽപെരുമാറ്റം കേൾക്കുന്നത്. വീടിന് വെളിയിൽ ഇറങ്ങി പരിശോധിച്ചപ്പോൾ ഒരു യുവാവിനെ കണ്ടു.  തന്നെ കുറച്ചു പേർ കൊല്ലാൻ ശ്രമിക്കുകയാണെന്നും രക്ഷിക്കണമെന്നും ഇയാൾ പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കന്സി ഇയാളെ പിടിച്ചു കൊണ്ട് കാർ ഷെഡിന്റെ ഉള്ളിൽ കൂട്ടിക്കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തു. ഇതോടെ യുവാവിനു പിടിച്ചു നില്ക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഇയാൾ സത്യം പറഞ്ഞു. തുടർന്ന് കന്‍സി അയൽവക്കത്തുള്ള വീട്ടുകാരെ കൂടി വിളിച്ചു വരുത്തി യുവാവിനെ തടഞ്ഞു വച്ചു. പിന്നീട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ എക്സൈസ് സംഘം എത്തിയിരുന്നു.

 ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണെന്നും വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു എന്നും അവർ അറിയിച്ചു. രണ്ടുപേർ ഓടിരക്ഷപ്പെട്ടന്നും ഒരാൾ കൂടി ഇനിയും പിടിയിലാകാൻ ഉണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടര്‍ന്നു പ്രതിയെ എക്സൈസ് സംഘത്തിന് കൈമാറി. 

Exit mobile version