ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിന്റെ പറഞ്ഞു തീരാത്ത വിശേഷങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ഐക്കണ്‍ ഓഫ് സീസ് എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പലിൽ നിരവധി അത്ഭുതങ്ങളാണ് അഥിതികളെ കാത്തിരിക്കുന്നത്. 15 റസ്റ്റോറന്റുകളും 7 സിമ്മിംഗ് പൂളുകളും ഉൾപ്പെടെ 7600 അതിഥികളെ വഹിക്കാനുള്ള ശേഷി ഈ കപ്പലിനുണ്ട്.
365 മീറ്റർ നീളമുള്ള ഈ കപ്പൽ നീണ്ട അഞ്ചു വർഷത്തെ ഗവേഷണ ഫലമായി നിർമ്മിച്ചതാണ്. 20 ഡക്കുകളുള്ള ഈ കപ്പലിൽ18 എണ്ണം അതിഥികൾക്ക് വേണ്ടി മാത്രം നിർമ്മിച്ചിട്ടുള്ളതാണ്. 2300 ഓളം ജോലിക്കാരുണ്ട് ഈ കപ്പലിനുള്ളിൽ. കൂടാതെ നിരവധി ബാറുകളും റസ്റ്റോറന്റുകളും , സ്പായും, വിനോദ കേന്ദ്രങ്ങളും ഈ കപ്പലിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട് . ഇതിന്റെയെല്ലാം പുറമെ നൂറു കണക്കിനു ഷോപ്പുകള്‍ ഈ ജല നൌകയ്ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്.
ഫ്യുവൽ സെൽ സാങ്കേതിവിദ്യ ഉപയോഗിച്ചാണ് റോയൽ കരീബിയന്റെ ഈ കപ്പൽ പ്രവർത്തിക്കുന്നത്. കപ്പലും തീരവുമായി ബന്ധിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇതിന്റെ ഉള്ളില്‍ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദത്തിന് മുൻതൂക്കം നൽകിയാണ് കപ്പലിനെ തയ്യാറാക്കിയിരിക്കുന്നത്. ഈ കപ്പലിനുള്ളിൽ പതിനായിരത്തിലധികം ചെടികൾ ഉൾപ്പെടുത്തിയ ഒരു സെൻട്രൽ പാർക്ക് ഗാർഡനും ഉണ്ട്.
ഇന്നോളം മനുഷ്യൻ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ സാങ്കേതികവിദ്യയോടെ പണികഴിപ്പിച്ചിരിക്കുന്ന ഈ കപ്പൽ റോയൽ കരീബിയൻ ഗ്രൂപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. കപ്പലിനുള്ളില്‍ പ്രവേശിക്കുന്നതിനുള്ള തുകയെ കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. അധികം വൈകാതെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.