തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച പണത്തിൽ നിന്ന് മിച്ചം വെച്ച കൊണ്ട് മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്ക് പോയ 13 വനിതകളുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ച ആയി മാറി. വളരെ കാലങ്ങളായി മനസ്സിൽ കരുതിയിരുന്ന ആഗ്രഹം ആയിരുന്ന വിമാനയാത്രയും ഈ സംഘം നടത്തി. വെള്ളാട്ട് പുറായ് വിലാസിനി, ദേവകി , സരോജിനി , ശോഭ , ജാനകി , പുഷ്പ , സരള , ചക്കിപ്പറമ്പിൽ കെ. ദേവയാനി , പൂളക്കപ്പറമ്പ് സുമതി , സീത , വത്സല , ലൈലജ, ചിന്ന എന്നിവരാണ് യാത്ര നടത്തിയത്.
ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചിരുന്ന തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് ഇവർ ഇന്ന്. മുസ്ലിയാർ അങ്ങാടിയിൽ നിന്നുള്ള വനിതകളാണ് ഈ 13 പേരും. കരിപ്പൂരിൽ നിന്ന് കണ്ണൂരിലേക്കാണ് ഈ സംഘം വിമാനത്തിൽ പറന്നത്. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ഈ സംഘം കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു . തിരുവനന്തപുരത്തെത്തി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തൊഴുതതിന് ശേഷം അവർ തീവണ്ടിയിൽ കന്യാകുമാരിയിലേക്ക് യാത്രയായി. കന്യാകുമാരിലെത്തിയ ഇവർ അവിടെ ബോട്ടിൽ കയറി വിവേകാനന്ദപ്പാറ സന്ദർശിക്കുകയും ചെയ്തു. കന്യാകുമാരിയിലെ നിരവധി കാഴ്ചകളും ഉദയാസ്തമയങ്ങളുടെ ഭംഗിയും ആസ്വദിച്ചതിനു ശേഷമാണ് ഇവർ തിരികെ പോയത് . ഏറെ നാളത്തെ സ്വപ്നമായിരുന്ന യാത്ര പൂർത്തിയാക്കി നാട്ടിൽ തിരികെ എത്തിയ ഇവർക്ക് മുസ്ലിയാരങ്ങാടി പോക്കർ മാസ്റ്റർ ഗ്രന്ഥാലയം സ്വീകരണം നൽകുകയും ചെയ്തു .