ലീവ് ഇൻ റിലേഷൻഷിപ്പിൽ ഉള്ള ദമ്പതികളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയും ഇല്ലാതാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവുന്ന കാര്യമല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. തങ്ങളുടെ ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും സുരക്ഷ തേടി ലീവ് ഇൻ ദമ്പതികൾ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ജയ്പൂർ ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
കുടുംബത്തിൽ ഉള്ളവരിൽ നിന്നും തന്നെ തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ഹർജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഭാര്യ നഷ്ടപ്പെട്ട പുരുഷനും ഭർത്താവ് മരിച്ചു പോയ സ്ത്രീയുമാണ് ഹര്‍ജിക്കാര്‍. പുരുഷന്റെ ബന്ധുക്കൾ ഈ ബന്ധത്തെ എതിർക്കുന്നതായും അതുകൊണ്ടുതന്നെ തങ്ങളെ അവർ അപകടപ്പെടുത്താൻ ഇടയുണ്ടെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി പോലീസിന് നിർദ്ദേശം നല്കി.
ഒരു കാരണവശാലും ഹർജിക്കാരുടെ സുരക്ഷയെയും വ്യക്തി സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന് കോടതി അറിയിച്ചു. ആരെങ്കിലും നിയമം കയ്യിലെടുക്കുന്നത് ഒരിക്കലും അനുവദിക്കാൻ ആകില്ല. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ വ്യക്തിക്ക് നിയമത്തിന്റെ പൂർണ്ണ പരിരക്ഷ ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. ഒരു വ്യക്തിയുടെ സ്വകാര്യതയുടെ അവകാശം നിർവചിക്കുന്നത് ഭരണഘടനയുടെ ധാർമികത മുൻനിർത്തിയാണ്. അല്ലാതെ സമൂഹത്തിന്റെ ധാർമികതയല്ല അതിനെ നയിക്കേണ്ടത്. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു. സമൂഹം കൽപ്പിച്ചു നൽകുന്ന മൂല്യങ്ങൾക്ക് അപ്പുറത്ത് രണ്ട് വ്യക്തികൾക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ഇത് ഹനിക്കാന്‍ ആരെയും അനുവദിക്കില്ലനും കോടതി അറിയിച്ചു.