ബാർബർ ഷോപ്പുകളിൽ പലതരത്തിലുള്ള ഹെയർ കട്ടിംഗ് പരീക്ഷണങ്ങളും ഇന്ന് പലരും നടത്താറുണ്ട്. ഇപ്പോൾ ഒരു ട്രെൻഡാണ് ഇത്തരത്തില്‍ തലമുടിയിൽ തീ പടർത്തി മുടി വെട്ടുന്ന രീതി. പല യുവാക്കള്‍ക്കും ഇത് വലിയ ഹരമാണ്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്ക് വച്ച് ലൈക്കും കമന്‍റും നേടുന്ന യുവാക്കളും വിരളമല്ല. അത്യന്തം അപകടം പിടിച്ച ഈ മുടിവെട്ട് രീതിയിലൂടെ ഗുജറാത്ത് സ്വദേശിയായ 18കാരന് പരിക്കു പറ്റി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗുജറാത്തിലെ വാൽസ ജില്ലയിലുള്ള വാപ്പിയിലാണ് 18കാരനായ യുവാവിന് സലൂണിൽ വച്ച് തീ പടർത്തി മുടി വെട്ടുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റത്. മുടി വെട്ടുന്നതിന്‍റെ ഭാഗമായി ഇയാളുടെ തലമുടിയിൽ തീ പടർത്തിയപ്പോൾ അത് പെട്ടെന്ന് പടർന്ന് പിടിച്ച് തലയുടെ ചുറ്റും വ്യാപിക്കുക ആയിരുന്നു.
കഴുത്തിലും നെഞ്ചിലും അതീവ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പൊള്ളൽ ഗുരുതരമായതിനാല്‍ അവിടെ നിന്നും കൂടുതൽ സൗകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ബാർബറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗുരുതരാവസ്ഥയിൽ ആയതിനാൽ യുവാവിന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തലമുടിയിൽ തീ പടർത്തുന്നതിന് തലയിൽ ചില രാസവസ്തുക്കൾ ഉപയോഗിച്ചതാണ് തീ വ്യാപിക്കാനും ഗുരുതരമായി പൊള്ളല്‍ എല്‍ക്കാനും ഇടയായതെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പോലീസ് പറഞ്ഞു. തീ പടർത്തുന്നത് ഉപയോഗിച്ചത് ഏത് രാസവസ്തുവാണെന്ന് കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.