തിരുവനന്തപുരം പാറശാല സ്വദേശിയായ ഷാരോണ്‍ രാജിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ഷാരോണിനെ ആസിഡ് നൽകി കാമുകി കൊലപ്പെടുത്തി എന്നാണ് കുടുംബം ആരോപിക്കുന്നത്. കാമുകി നൽകിയ ജ്യൂസ് കുടിച്ചതാണ് ഷാരോൺ അവശനിലയിൽ ആകുന്നതിന് കാരണം എന്നും അത് പിന്നീട് മരണത്തിൽ കലാശിക്കുക ആയിരുന്നു എന്നുമാണ് കുടുംബം പറയുന്നത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബത്തിന്റെ വാദം.
ഈ മാസം പതിനാലാം തീയതിയാണ് ഷാരോണും സുഹൃത്ത് റെജിനും കാമുകിയുടെ വീട്ടിലെത്തുന്നത്. റെജിൻ വീട്ടിന്റെ അകത്തേക്ക് കയറിയില്ല. കുറച്ചു കഴിഞ്ഞ് ഛർദിച്ച് അവസനായ നിലയിൽ ഷാരോൺ പുറത്തേക്ക് വന്നു. കാര്യം തിരക്കിയപ്പോൾ കാമുകി തന്ന ജ്യൂസ് കുടിച്ച് അവശനായതാണെന്നും ഉടന്‍ വീട്ടില്‍ എത്തിക്കണമെന്നും ഷാരോൺ പറഞ്ഞു. ഷാരോണിനെ സുഹൃത്ത് വീട്ടിലെത്തിച്ചു. ഉച്ചയായതോടെ വീട്ടിലെത്തിയ ഷാരോണിന്റെ അമ്മ ഛര്‍ദിച്ച് അവശനായ മകനെ കാണുകയും ഉടൻതന്നെ പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സീരിയസ് ആയതുകൊണ്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പക്ഷേ പരിശോധനയിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് വീട്ടിലേക്ക് പറഞ്ഞയച്ചു.
അടുത്ത ദിവസം രാവിലെ ആയപ്പോഴേക്കും ഷറോണിന്റെ വായ നിറയെ വൃണങ്ങളായി. ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത നിലയിലേക്ക് മാറി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ഷറോണിന്റെ ആന്തരീക അവയവങ്ങള്‍ പ്രവർത്തനരഹിതമായി തുടങ്ങിയിരുന്നു. ഉടന്‍ ഷാറോണിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഷാരോൺ മരിക്കുന്നത് ചൊവ്വാഴ്ചയാണ്. വിഷാംശം ഉള്ളിൽ ചെന്നതാണ് മരണകാരണം എന്ന് ഡോക്ടർമാർ പറയുന്നു. മരണത്തിന് പിന്നിൽ കാമുകയാണെന്ന് ആരോപണമായി ഷാരോണിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചിട്ടുണ്ട്.