9 പേർ മരിച്ച വടക്കഞ്ചേരി അപകടത്തിന് പിന്നിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതായി നാറ്റ് പാക്ക് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അമിത വേഗത്തിൽ ആയിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് വേഗത കുറച്ചതും നടുറോഡിൽ നിർത്തിയതുമാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത് എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. പക്ഷേ എങ്കിലും അപകടത്തിന് പിന്നിലെ പ്രധാന കാരണക്കാരൻ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയാണെന്നും ഈ റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അപകടം നടന്ന ആദ്യ നാളുകളിൽ തന്നെ കെഎസ്ആർടിസിയുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷണം ആവശ്യമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അപകടത്തിന്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണ് എന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇതിന് പിന്നിൽ കെഎസ്ആർടിസിയുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയർന്നിരുന്നു.
ഒക്ടോബർ അഞ്ചിന് അർദ്ധരാത്രിയോടെയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി അപകടം ഉണ്ടായത്. ഈ അപകടത്തിൽ അഞ്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേരാണ് മരണപ്പെട്ടത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന്റെ പ്രധാന കാരണം എന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് കെഎസ്ആർടിസി ബസിന്റെ ഭാഗത്തും വീഴ്ച ഉണ്ടായിട്ടുള്ളതായി കണ്ടെത്തി. കൂടാതെ ടൂറിസ്റ്റ് ബസിനും കെഎസ്ആർടിസി ബസിനും ഇടയിൽ ഉണ്ടായിരുന്നു കാറിന്റെ ഭാഗത്തും വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ തെളിഞ്ഞു. അമിത വേഗതയിൽ പോകേണ്ട ട്രാക്കിലൂടെ കാർ സഞ്ചരിച്ചത് 50 കിലോമീറ്റർ വേഗത്തിലാണ്. ഇതും അപകടത്തിന് ഒരു കാരണമായി. കൂടാതെ ദേശീയപാതയിൽ വഴിവിളക്കുകളും റിഫ്ലെക്ടറും ഇല്ലാത്തതും അപകടത്തിലേക്ക് നയിച്ചു എന്ന് നാറ്റ് പാക്ക് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.