പാറശാലയിൽ കാമുകി കഷായത്തിൽ വിഷം കലർത്തി യുവാവിനെ കൊന്ന സംഭവത്തിലെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അവശനിലയിൽ ആയി പലതവണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോഴും ഗ്രീഷ്മയെ ഒറ്റുകൊടുക്കാൻ ഷാരോണ്‍ തയ്യാറായില്ല. അവന്‍ അവളിൽ അന്ധമായി വിശ്വാസമായിരുന്നു. നേരത്തെയും തന്റെ മകന് പെൺകുട്ടി വിഷം കൊടുക്കാൻ ശ്രമിച്ചു എന്നാണ് ഷാരോണിന്റെ അമ്മ പറയുന്നത്.
ബിഎസ്സി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ.ഒരു ബസ് യാത്രക്കിടയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്.പരിചയം സൗഹൃദവും പ്രണയവും ആയി മാറി.എന്നാൽ ഈ ബന്ധത്തെ ഗ്രീഷ്മയുടെ വീട്ടുകാർ എതിർത്തു. ഷാരോണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യും എന്ന് ഗ്രീഷ്മയുടെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തി. ഷാരോൺ അന്യമതസ്ഥനായിരുന്നു എന്നതാണ് എതിർപ്പിന്റെ പ്രധാന കാരണം.
മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചതോടെ ഷാരോൺ ഈ ബന്ധത്തിൽ നിന്നും പിന്മാറി. പക്ഷേ വീട്ടുകാർ അറിയാതെ ഇരുവരും ബന്ധം തുടർന്നു. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. നവംബറിന് ശേഷം ഷാരോണിന്റെ ഒപ്പം ഗ്രീഷ്മ ഇറങ്ങിച്ചെല്ലാമെന്ന് വാക്കു കൊടുത്തു. എന്നാൽ വിവാഹം കഴിക്കാൻ നവംബർ വരെ കാത്തിരിക്കേണ്ട എന്നതായിരുന്നു ഷാരോണിന്റെ പക്ഷം. എന്നാൽ നവംബറിന് മുൻപ് വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജോത്സ്യൻ പറഞ്ഞിരുന്നതായി ഗ്രീഷ്മ ഷാരോണിനെ അറിയിച്ചു.പക്ഷേ ഷാരോണിന് ഇതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് ഷാരോൺ പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇതിന്റെ ചിത്രങ്ങളും മറ്റും ഷാരോണിന്റെ ഫോണിലുണ്ട്.
സംഭവദിവസം രാവിലെ ഷാരോൺ സുഹൃത്തായ റെജിലിനെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത് പഠനവുമായി ബന്ധപ്പെട്ട റെക്കോർഡുകൾ വാങ്ങാൻ എന്നു പറഞ്ഞാണ്. അപ്പോൾ വീട്ടിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച മൊഴിയിൽ പറയുന്നത്. സുഹൃത്തിനെ പുറത്തു നിർത്തിയാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിനകത്തേക്ക് പോയത്
പിന്നീട് 15 മിനിറ്റിനു ശേഷം ശർദ്ദിച്ചുകൊണ്ടാണ് ഷാരോൺ പുറത്തേക്ക് വരുന്നത്. ഇരുവരും ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പലപ്രാവശ്യം ഷാരോൺ ശർദ്ദിച്ചു. പച്ച കളറിലാണ് ശർദിച്ചത്. ഇതേക്കുറിച്ച് സുഹൃത്ത് തിരക്കിയപ്പോൾ ഒരു കഷായം തന്നു എന്നാണ് ഷാരോൺ പറഞ്ഞത്. ഇത് ആരോടും പറയണ്ട എന്നും ഷാരോൺ സുഹൃത്തിനോട് നിഷ്കർഷിച്ചിരുന്നു.
അടുത്തദിവസം ഷാരോണിന്റെ വായുടെ ഉള്ളിൽ വൃണങ്ങൾ പ്രത്യക്ഷപ്പെട്ടു. ജൂസിനെ എന്തോ കുഴപ്പമുണ്ടെന്നും ടേസ്റ്റ് വ്യത്യാസം ഉണ്ടോ എന്ന് ഷാരോണിന് ഗ്രീഷ്മ അയച്ച വോയിസ് റെക്കോർഡിൽ ചോദിക്കുന്നുണ്ട്. പക്ഷേ അപ്പോഴും ഷാരോണിന് ഗ്രീഷ്മയുടെ മേൽ സംശയമില്ലായിരുന്നു. പിന്നീട് കൂടുതൽ അവശനിലയിലായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷാംശം ഉള്ളിൽ ചെന്ന് ഷാരോണിന്റെ ആന്തരിക അവയവങ്ങൾ തകരാറിലായതായി ഡോക്ടർമാർ കണ്ടെത്തി. അപ്പോഴും ഷാരോൺ നൽകിയ മരണമൊഴിയിൽ ഗ്രീഷ്മയെ കുറ്റപ്പെടുത്തുന്നതായി ഒന്നുമുണ്ടായില്ല. എന്നാൽ ഷാരോണിന്റെ കുടുംബം നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഈ സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകം അറിയുന്നത്.