തൂക്കുപാലം തകർന്ന് മോർബിയിൽ ഉണ്ടായ അപകടത്തിൽ 130 ഓളം ആളുകളാണ് ഇതുവരെ മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഈ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഹമ്മദാബാദ് സ്വദേശിയായ വിജയ് ഗോസാമിയും കുടുംബവും സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ.
തൂക്കുപാലം സന്ദർശിക്കാൻ കുടുംബത്തിന്റെ ഒപ്പം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് വിജയ് ഗോസാമി മോർബിയിലേക്ക് പോകുന്നത്. പാലത്തിൽ കയറി പകുതി വരെ മാത്രമാണ് പോയത്. അപ്പോഴേക്കും ആളുകൾ പാലം പിടിച്ചു കുലുക്കുന്നതിൽ ഭയം തോന്നി തിരികെ പോരുകയായിരുന്നു. തങ്ങൾ പേടിച്ചത് പോലെ തന്നെ പാലം തകർന്നു വീണുവെന്ന് അദ്ദേഹം പറയുന്നു. ചിലർ പാലം അതിശക്തമായി പിടിച്ചു കുലുക്കിയതിനാൽ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. ബോധപൂർവ്വം അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്തതെന്ന് ഇവർ പറയുന്നു. ഈ സംഭവം ജീവനക്കാരോടു ചൂണ്ടിക്കാണിച്ചുവെങ്കിലും അവർക്ക് ടിക്കറ്റ് വിൽക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും ഗോസാമി ആരോപിക്കുന്നു
ബ്രിട്ടീഷ് ഭരണകാലത്ത് പണിത ഈ തൂക്കുപാലം കഴിഞ്ഞ ഏഴ് മാസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇത് സന്ദർശകർക്കായി തുറന്നു കൊടുത്തത്. എന്നാൽ ഈ പാലത്തിൽ കയറിയ ചില യുവാക്കൾ മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിന് വേണ്ടി പാലം പിടിച്ചു കുലുക്കി, ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പാലം തകർന്നു വീഴുമ്പോൾ 500 അധികം പേർ പാലത്തിലുണ്ടായിരുന്നു എന്നാണ് സംഭവം നേരിൽ കണ്ടവർ പറയുന്നത്. അപകടത്തിൽ നിരവധിപേരെ കാണാതായി. ഇപ്പോഴും ഇരുപതോളം പേരുടെ നില അതീവ ഗുരുതരമായ തുടരുകയാണ്. അതേസമയം പാലം പണിയാൻ കരാർ എടുത്ത കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനി അധികൃതർ പറയുന്നത് സർക്കാർ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയിട്ടില്ല എന്നാണ്.