കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാല്‍ വിഷം എല്‍ക്കില്ല എന്നൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യാൻ ആരും ധൈര്യപ്പെടാറില്ല. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒരു എട്ടുവയസ്സുകാരനും കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു. കടിച്ചു എന്ന് മാത്രമല്ല കടിച്ചു കൊല്ലുകയും ചെയ്തു. അതും ഒരു മൂർഖനെ.
റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ വടക്ക് കിഴക്കുള്ള ജസ്പൂര്‍ ജില്ലയിലെ പന്തർപാട് എന്ന് പേരുള്ള ഗ്രാമത്തിൽ ആണ് ഈ സംഭവം നടന്നത്. എട്ടുവയസ്സുകാരനായ ദീപക്കിനാണ് തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മൂർഖന്റെ കടിയേല്‍ക്കുന്നത്. കയ്യിൽ ചുറ്റിയ പാമ്പ് കടിക്കുകയും ചെയ്തു. നന്നായി വേദന തോന്നി പാമ്പിനെ കയ്യിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വിട്ടുപോകാൻ പാമ്പ് തയ്യാറായില്ല. ഇതോടെ ദീപക് പാമ്പിനെ കടിച്ചു. ഒന്നല്ല രണ്ട് പ്രാവശ്യം. പെട്ടെന്ന് തോന്നിയ ഒരു ചിന്തയായിരുന്നു അതെന്ന് ദീപക് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാമ്പിന്റെ കടിയേറ്റ് ഉടൻതന്നെ ദീപക്കിനെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ശരീരത്ത് ആന്റിവെനം കുത്തിവച്ചു. ഒരു ദിവസം മുഴുവൻ കുട്ടിയെ നിരീക്ഷണത്തിൽ വച്ചതിനുശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ദീപക്കിന് പാമ്പിന്റെ കടിയേറ്റെങ്കിലും ഡ്രൈ ബൈറ്റ് ആയതുകൊണ്ടാണ് അപകടം പറ്റാതിരുന്നത്. കുട്ടിയുടെ ശരീരത്തിൽ വിഷം ചെന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. പക്ഷേ ഇത്തരത്തിൽ പാമ്പിന്റെ കടിയേറ്റാൽ വേദന ഉണ്ടാകാറുണ്ട്. കടിയേറ്റ ഭാഗത്ത് ചില ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവുകയും ചെയ്യും. പക്ഷേ ദീപക്കിന് അങ്ങനെ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. ഇത് അത്ഭുതപ്പെടുത്തിയതായും ഡോക്ടർ അറിയിച്ചു. ഗോത്രവർഗ്ഗക്കാർ ധാരാളം കാണപ്പെടുന്ന ഒരു പ്രദേശമാണ് ജാഷ്പൂർ. ഈ പ്രദേശത്ത് നൂറിലധികം വിഭാഗത്തിൽപ്പെട്ട പാമ്പുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.