തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം കരസ്ഥമാക്കിയ ശാന്തി എന്ന 36 കാരി താമര കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്യുകയാണ് . പിഎസ്സി പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാണ് ശാന്തി താമര കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. ഇന്ന് സ്വന്തമായി നല്ലൊരു സമ്പാദ്യം നേടിയെടുത്ത ഒരു സംരംഭക കൂടിയാണ് അവർ.
തുടക്കത്തിൽ താമര കൃഷി പ്രതീക്ഷിച്ച ഫലം തന്നില്ലെന്ന് ശാന്തി പറയുന്നു. ആദ്യം വിത്ത് വാങ്ങി മുളപ്പിച്ച് ആറ് മാസം വരെ കാത്തിരുന്നിട്ടും അത് പൂവായി മാറിയില്ല. പക്ഷേ പിന്തിരിയാൻ ശാന്തി ഒരുക്കമായിരുന്നില്ല. പിന്നീട് ശാന്തി നടത്തിയ ശ്രമം വിജയം കണ്ടു. ഇപ്പോൾ രണ്ടു വർഷത്തോളമായി വീടിന്റെ ടെറസിലും പാട്ടത്തിനെടുത്ത വസ്തുവിലും ശാന്തി കൃഷി ചെയ്തു വരുന്നു. ശാന്തിയുടെ കൃഷിയിടത്തിൽ 80 ഇനം താമരകളാണ് ഇപ്പോഴുള്ളത്. എല്ലാ വകഭേദങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ചാണകപ്പൊടി , എല്ലുപൊടി തുടങ്ങിയവയാണ് സാധാരണ ഈ കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. കൃഷിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ശാന്തി തനിച്ചാണ്. ഇതിനിടയിലാണ് ശാന്തി വീട്ടുകാര്യങ്ങളും നോക്കുന്നത്.
സോഷ്യൽ മീഡിയയിലും മറ്റും ചിത്രങ്ങൾ പങ്കു വയ്ക്കുമ്പോൾ താമരപ്പൂവിനും വിത്ത് കിഴങ്ങനും ഒക്കെയായി നിരവധി പേരാണ് ശാന്തിയെ സമീപിക്കുന്നത്. വില്പനകളെല്ലാം നടത്തുന്നത് ഓൺലൈൻ വഴിയാണ്. നേരിട്ട് വന്ന് വാങ്ങുന്നവരും വിരളമല്ല. തനിക്ക് പ്രതിമാസം മുപ്പതിനായിരം രൂപ വരെ വരുമാനം ലഭിക്കാറുണ്ടെന്ന് ശാന്തി പറയുന്നു. ഇത് സീസ്സണ്‍ അനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും. തനിക്ക് ഭർത്താവിന്റെയും കുട്ടികളുടെയും പിന്തുണ തനിക്ക് ഉണ്ടെന്നും ശാന്തി അഭിമാനപൂര്‍വ്വം പറയുന്നു.