മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഉടമയ്ക്ക് കൊറിയർ അയച്ചു കൊടുത്തു കള്ളൻ മാതൃകയായി. ഉത്തർപ്രദേശിലെ ഗാസിയ ബാതിലാണ് ഈ ‘നല്ലവനായ’ കള്ളൻ ഉള്ളത്. മോഷ്ടിച്ച 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ഇയാൾ ഉടമയ്ക്ക് തിരികെ കൊറിയർ അയച്ചു കൊടുത്തത്.
മോഷ്ടിച്ച മുഴുവൻ സ്വർണാഭരണങ്ങളും കള്ളൻ കൊറിയർ ചെയ്തു കൊടുത്തു എന്നല്ല ഇതിനർത്ഥം. 20 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ ഈ വീട്ടിൽ നിന്നും മോഷ്ടിച്ചത്. ഇതിൽ 5 ലക്ഷം രൂപയുടെ മോഷണ മുതലാണ് ഇയാള്‍ തിരികെ അയച്ചു കൊടുത്തത്.
കുടുംബം ദീപാവലി ആഘോഷിക്കുന്നതിനു വേണ്ടി ജന്മ നാട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്. ഇരുപത്തിയേഴാം തീയതി കുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നു എന്ന വിവരം അറിയുന്നത്. ഇതോടെ വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുടമയ്ക്ക് ഒരു കൊറിയർ ലഭിക്കുന്നത്. ഇത് തുറന്നു പരിശോധിച്ചാൽ വീട്ടുടമ ഞെട്ടിപ്പോയി. തങ്ങളുടെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണമായിരുന്നു അതിൽ ഉണ്ടായിരുന്നത്. കൊറിയർ അയച്ച അഡ്രസ്സ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ആ വിലാസം വ്യാജമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.
കള്ളന്‍ കൊറിയർ സർവീസില്‍ നൽകിയ ഫോൺ നമ്പറും വ്യാജമായിരുന്നു എന്ന് പോലീസ് പിന്നീട് കണ്ടെത്തി. പ്രദേശത്തെ സീ സീ ടീ വീ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണം നടന്നു വരികയാണെന്നും അധികം വൈകാതെ തന്നെ പ്രതി വലയില്‍ ആകുമെന്നും പോലീസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.