2009 നവംബർ നാലിലാണ് മലയാളികളെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ ആ ജലദുരന്തം സംഭവിക്കുന്നത്. ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടയാണ് ഈ ദുരന്തം സംഭവിക്കുന്നത്. മൂർക്കനാട് സുബുല് സലാം എച്ച് എസ് എസ് ലെ 8 ഹയർ സെന്ററി വിദ്യാർത്ഥികളാണ് ചാലിയാറിൽ തോണി മറിഞ്ഞ് മരണപ്പെട്ടത്.
വെള്ളേരി മുഹമ്മദിന്റെ മകൻ ശിഹാബുദീൻ, ഉഗ്രപുരം ടി അബൂബക്കറിന്റെ മകൻ സുഹൈൽ, പാലപ്പറ്റ ആമക്കണ്ടത്തിൽ എളയേടത്ത് അബ്ദുൾ കരീമിന്റെ മകൻ തൗഫീഖ്, കൊഴക്കോട്ടൂർ അലി മുസ്ല്യാരുടെ മകൾ ത്വായിബ, കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പ് ഷൗക്കത്തലിയുടെ മകൻ ഷാഹിദലി, ഇരിവേറ്റി കപ്പച്ചാലി കെ സി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷമീം, കുനിയിൽ കൊടവണ്ണാട്ടിൽ ബീരാൻകുട്ടിയുടെ മകൻ എൻ വി സിറാജുദ്ദീൻ, കിഴിശ്ശേരി മുഹമ്മദ് മുഷ്ഫിൻ എന്നിവരുടെ ജീവനാണ് അന്നത്തെ അപകടത്തില്‍ പൊലിഞ്ഞത്.
കേവലം 25 പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന തോണിയില്‍ നൂറോളം കുട്ടികൾ കയറിയതാണ് ഈ അപകടത്തിന് കാരണമായത്. ഈ ദുരന്തത്തിന്‍റെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിച്ച് സ്കൂൾ കടവിൽ ഒരു ഇരുമ്പ് പാലം പണിതുയർത്തി എങ്കിലും 2018ലെ പ്രളയത്തിൽ ഈ പാലം ഒലിച്ചു പോയി. ഇപ്പോൾ ഈ പാലത്തിന്റെ പകുതി മാത്രമേ അവിടെയുള്ളൂ. ചാലിയാറിലെ കുത്തൊഴുക്കിൽ ആണ് പാലം അന്ന് പാലം പൊട്ടി വീണത്. പാലം വീണ്ടും നിർമ്മിക്കുന്നതിന് വേണ്ടി മൂന്ന് കോടി 30 ലക്ഷം രൂപ വക ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിലും സാങ്കേതിക പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടതോടെ ഈ പദ്ധതി വീണ്ടും നീണ്ടു പോവുക ആയിരുന്നു.