നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞു ഗായകൻ സലീം കോടത്തൂർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം വിവരിച്ചത്.
മലപ്പുറം ജില്ലക്കാരനായിട്ടും താൻ നെടുമ്പാശ്ശേരി വഴി സഞ്ചരിക്കുന്നത് എളുപ്പമായതുകൊണ്ടാണ്. കുറച്ചു നാൾ മുമ്പ് ഒരു സുഹൃത്തിനെ വിളിക്കാൻ പോയപ്പോൾ സുഹൃത്തിന്റെ ബാഗിൽ സ്കാനിംഗ് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു തന്നെ മണിക്കൂറുകളാണ് തടഞ്ഞു വച്ചത്. പാസ്പോർട്ട് കണ്ടപ്പോൾ ഹാൻഡ് ബാഗ് പൊളിച്ചു നോക്കി. വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞു. മലപ്പുറം ജില്ലക്കാരനായിട്ടും എന്തുകൊണ്ടാണ് കൊച്ചിയിൽ വന്നതെന്ന് ചോദിച്ചു. അടിവസ്ത്രം വരെ ഊരി പരിശോധിച്ചു. ആ മാനസികാവസ്ഥ അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ. മലപ്പുറം ജില്ലയിലുള്ള ആരെങ്കിലും തെറ്റ് ചെയ്താൽ എല്ലാവരെയും അങ്ങനെ കാണണോ എന്ന് സലിം ചോദിക്കുന്നു.
സ്വന്തം ജില്ല മാറ്റാനോ പേര് മാറ്റാനോ പറ്റില്ല. കള്ളക്കടത്തുകാരെ നോക്കുന്നത് പോലെയാണ് തന്നെ നോക്കിയത്. അധികൃതരെ തന്റെ വീഡിയോസും പോസ്റ്റുകളുമൊക്കെ കാണിച്ചു. പക്ഷേ അപ്പോഴും അവർ മാനസികമായി പീഡിപ്പിച്ചു.
മലപ്പുറം ജില്ലക്കാരന് കോഴിക്കോട് എയർപോർട്ട് വഴി മാത്രമേ യാത്ര ചെയ്യാൻ പാടുള്ളോ എന്ന് അദ്ദേഹം ചോദിക്കുന്നു. അവർക്ക് തന്റെ പേരാണ് പ്രശ്നം. പേര് സലീം എന്നായതുകൊണ്ടും മലപ്പുറം ജില്ലക്കാരനായതുകൊണ്ടുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്തുകൊണ്ടാണ് പലതവണ യാത്ര ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. പരിശോധനകൾ നടത്തിയതിനു ശേഷം ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് സംശയം കൊണ്ടാണ് എന്നാണ്.