29 കാരിയായ യുവതി 7 മാസം കൊണ്ട് മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക്. ഇത് കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. 29 കാരിയായ ടി സിന്ധു ആണ് ഇത് നൽകിയത്. കോയമ്പത്തൂർ സ്വദേശിയായ സിന്ധു ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്.
42000 ml മുലപ്പാൽ ആണ് സിന്ധു 2021 ജൂലൈ മാസത്തിനും 2022 ഏപ്രിൽ മാസത്തിനും ഇടയിലുള്ള ഏഴു മാസത്തിൽ ആണ് നൽകിയത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള N I C U വിലേക്കാണ് (National Intensive Care unit) സിന്ധു ഇത് നൽകിയത്. ഇതിന്റെ പേരിൽ സിന്ധു ഏഷ്യൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
തന്റെ ഭർത്താവിനോട് നന്ദിയുണ്ടെന്നും അദ്ദേഹമാണ് പിന്തുണ നൽകിയതെന്നും സിന്ധു പറയുന്നു. സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിൽ ഉള്ള ഒരു എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുകയാണ്. ഇരുവർക്കും 18 മാസം പ്രായമുള്ള ഒരു മകളുണ്ട്.
തന്റെ മകളെ മുലയൂട്ടിക്കഴിഞ്ഞാൽ ബാക്കി മുലപ്പാൽ ശേഖരിക്കുകയും അത് അമൃതം എൻജിഒയിലെ രൂപ സെൽവ നായികയുടെ നിർദ്ദേശമനുസരിച്ച് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുമായിരുന്നു. എല്ലാ ആഴ്ചയും ഈ എൻജിഒ വീട്ടിലെത്തി മുലപ്പാൽ കൊണ്ടുപോകും. പിന്നീട് ഇത് മിൽക്ക് ബാങ്കിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഇത്തരമൊരു പദ്ധതി തുടങ്ങുന്നത് രണ്ടുവർഷം മുൻപാണ്. ഈ പദ്ധതിയിലൂടെ നവജാത ശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിലവിൽ 50 ഓളം സ്ത്രീകൾ ഈ പദ്ധതിയുടെ ഭാഗമാണ്. ഇവരിൽ തന്നെ 30 പേർ പതിവായി പദ്ധതിക്ക് വേണ്ടി മുലപ്പാൽ നൽകുന്നതായി എൻജിഒ അധികൃതർ പറയുന്നു. പ്രസവത്തോടെ അമ്മ മരിച്ചതോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് അമ്മമാർക്ക് മുലയൂട്ടാൻ കഴിയാത്തതോ ആയ കുട്ടികൾക്കാണ് ഇത്തരത്തിൽ മുലപ്പാൽ നൽകുന്നത്.