കോവിഡ് കാലത്ത് നടത്തി വന്നിരുന്ന ആത്മീയ പ്രഭാഷണങ്ങൾ പ്രണയത്തിലേക്ക് നയിച്ചു. 28 കാരനായ ആഗ്ര സ്വദേശിയെ ബ്രിട്ടീഷ് സ്വദേശിനി വിവാഹം കഴിച്ചു. നേഴ്സ് ആയ ഹന്ന ഹോ വിറ്റ് എന്ന 26 കാരിയാണ് 28 കാരനായ പലേന്ദ്ര സിനെ ശനിയാഴ്ച വിവാഹം കഴിച്ചത്. ആഗ്രയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും ഓൺലൈനിലൂടെ ഡേറ്റിങ്ങിൽ ആയിരുന്നു. പലേന്ദ്ര സിങ്ങിനെ വിവാഹം കഴിക്കുന്നതിനു വേണ്ടി മാഞ്ചസ്റ്ററില്‍ നിന്ന് ആഗ്രയിലേക്ക് എത്തുകയായിരുന്നു ഹന്ന. ബ്രിട്ടനിൽ നേഴ്സ് ആയി ജോലി നോക്കുകയാണ് ഇവർ.
വിവാഹത്തിനു ശേഷം ഇന്ത്യയിൽ തന്നെ ജീവിക്കാനാണ് ഹന്നയുടെ ആഗ്രഹം. പാലേന്ദ്ര സിംഗ് നാട്ടിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് . ഇരുവരും ആത്മീയതയിൽ വളരെയധികം തല്പരരാണ്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് ഈ വിവാഹം നടന്നത്.
തനിക്ക് ഇന്ത്യൻ രീതിയിൽ ജീവിതം മുന്നോട്ടു നയിക്കാൻ ആണ് താല്പര്യം എന്നും വിവാഹ ശേഷം ഇന്ത്യയില്‍ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഹന്ന പറയുന്നു. കോവിഡ് കാലത്ത് ഇരുവരും നിരന്തരം ആശയ സംവാദത്തിൽ ഏർപ്പെടുമായിരുന്നു. ഇതാണ് പിന്നീട് പ്രണയമായി മാറിയത്. ഇന്ത്യയോടും ഇന്ത്യയിലെ രീതികളോടും തനിക്ക് വളരെയധികം താല്പര്യമുണ്ടെന്നും ഇപ്പോൾ ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഹന്ന പറയുന്നു. ഹന്നയെ മരുമകളായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പലേന്ദ്ര സിംഗിന്റെ അമ്മ സുഭദ്ര ദേവി പറഞ്ഞു. ഹിന്ദി അറിയില്ലെങ്കിൽ പോലും ഹന്നയ്ക്ക് വീട്ടിലുള്ള എല്ലാവരും ഒരുപോലെ പ്രിയപ്പെട്ടവരാണെന്നും അവരുടെയൊക്കെ വികാരങ്ങൾ മനസ്സിലാക്കാൻ മരുമകള്‍ക്ക് കഴിയുന്നുണ്ടെന്നും സുഭദ്ര ദേവി കൂട്ടിച്ചേർത്തു.