ബികോം ബിരുദവും എംബീഎയും എടുത്തതിനു ശേഷം ചുമട്ടു തൊഴിലാളിയായി ജോലി ചെയ്ത് വന്നിരുന്ന 27 കാരനായ രഞ്ജിത്ത് ഇപ്പോൾ തന്റെ സ്വന്തം പഞ്ചായത്ത് ഓഫീസില്‍ എൽഡി ക്ലർക്കാണ്. തന്റെ ബിരുദങ്ങളെല്ലാം ഒരുവശത്ത് ഒതുക്കി വെച്ച് തന്റെ അച്ഛന്റെ പാത പിന്തുടർന്നാണ് രഞ്ജിത്ത് ചുമട്ട് തൊഴിലാളിയായി ജോലിക്ക് കയറിയത്. ഈ ജോലിക്ക് ഇടയിലും രഞ്ജിത്ത് പിഎസ് സി പരീക്ഷയ്ക്ക് പഠിക്കുന്നത് തുടർന്നു. രഞ്ജിത്തിന്റെ അച്ഛൻ മാധവൻ ഐ എൻ ടി സി മായന്നൂർ യൂണിറ്റ് മുൻ സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് തന്നെ രഞ്ജിത്തിന് അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടായിരുന്നു. പഠിച്ചു നേടിയ ബിരുദങ്ങളുടെ ഭാരം ഒരിയ്ക്കലും ചുമട്ടു തൊഴിലിലേക്ക് ഇറങ്ങാന്‍ ഒരു ഭാരം ആയിരുന്നില്ല.
സുഹൃത്തുക്കളുമായി ചേർന്ന് മായന്നൂർ വായനശാല ഹാളിൽ ആണ് രഞ്ജിത്ത് പിഎസ്സി പരിശീലനം തുടർന്നത്. ഇതിനിടെ ഒറ്റപ്പാലത്തുള്ള പിഎസ്‌സി കോച്ചിംഗ് സെന്ററിൽ പരിശീലനത്തിന് പോയെങ്കിലും കോവിഡ് രൂക്ഷമായതോടെ അത് മുടങ്ങി. പിന്നീട് പഞ്ചായത്തിലെ കോവിഡ് വാളണ്ടിയർ ആയി പ്രവർത്തിക്കുന്ന സമയത്ത് കോവിഡ് പരിചരണ കേന്ദ്രത്തിൽ വച്ചും രഞ്ജിത്ത് പഠനം നടത്തി. പതിവു പോലെ ചുമട്ടു തൊഴിലിൽ ഏർപ്പെടുന്നതിനിടയാണ് സ്വന്തം പഞ്ചായത്ത് ഓഫീസിൽ എൽഡി ക്ലർക്കായി രഞ്ജിത്തിന് നിയമന ഉത്തരവ് കിട്ടുന്നത്. നിരവധി പരീക്ഷകൾ എഴുതിയിട്ടുള്ള രഞ്ജിത്തിന് പോലീസ് , ഫയർഫോഴ്സ് , എക്സൈസ് , സപ്ലൈകോ എന്നിവയുടെ ഷോർട്ട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. അധ്വാനത്തിന്റെ ഒപ്പം പഠനവും മുന്നോട്ട് കൊണ്ട് പോകാനുള്ള രഞ്ജിത്തിന്റെ അഭിനന്തിക്കുകയാണ് നാട്ടുകാര്‍.