പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാൻ മനുഷ്യൻ തയ്യാറാകും. അപ്പോഴും വേറിട്ട ചില പ്രണയബന്ധങ്ങൾ വലിയ വാർത്തയായി മാറാറുണ്ട്. അത്തരത്തിൽ ഒരു വിവാഹത്തിന്റെ വാർത്തയാണ് ഇപ്പോൾ രാജസ്ഥാനിലെ ഭരത് പൂരിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ഭരത് പൂരിലെ ഒരു സ്കൂളിൽ കായിക അധ്യാപിക ആയിരുന്നു മീര. ഇവരുടെ വിദ്യാർത്ഥിനിയാണ് കൽപ്പന ഫൗസ്ദാർ.
കബഡി എന്ന കായിക ഇനത്തിൽ മികവു പുലർത്തിയിരുന്ന കല്പന മീരയുമായി വളരെ വേഗം അടുത്തു. കൽപ്പനയെ വിവാഹം കഴിക്കുന്നതിനു വേണ്ടി മീര ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മീര ആണായി. മീര ഇപ്പോൾ ആരവ് കുന്തൽ എന്ന പേര് സ്വീകരിച്ചിരിക്കുകയാണ്. രൂപം കൊണ്ട് ഒരു സ്ത്രീ ആയിരുന്നെങ്കിലും താൻ ഒരു ആൺ മനസ്സിന്റെ ഉടമയായിരുന്നുവെന്ന് ആരവ് പറയുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് നേരത്തെ തന്നെ താന്‍ ചിന്തിച്ചിരുന്നതായും അതിനു വേണ്ടി പരിശ്രമിച്ചിരുന്നതായും ആരവ് പറയുന്നു. ഇരുവരുടെയും വിവാഹം നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. രണ്ടു വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതപ്രകാരമായിരുന്നു വിവാഹം നടന്നത്.
കുറച്ചു നാളുകളായി താൻ മീരയുമായി പ്രണയത്തിലായിരുന്നു എന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽപോലും താൻ മീരയെ തന്നെ വിവാഹം കഴിക്കുമായിരുന്നു എന്നും വധു ആയ കൽപ്പന പറയുകയുണ്ടായി. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള വാർത്തകളും വിവാഹ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. ഇരുവരെയും അനുകൂലിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. അതേസമയം ഇവരെ വിമർശിക്കുന്നവരും കുറവല്ല.