വെറും 22 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വീൽചെയറിൽ ഒതുങ്ങിപ്പോയിട്ടും തളർന്നു പോകാതെ സധൈര്യം പോരാടിയ അജിത് കുമാർ ഒടുവിൽ സർക്കാർ സർവീസ് എന്ന സ്വപ്നം നേടിയെടുത്തു. ഇപ്പോൾ കുമാരപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ഈ 30കാരൻ.
22 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വളരെ അപ്രതീക്ഷിതമായി അജിത്തിന്‍റെ ജീവിതം വീൽചെയറിൽ ഒതുങ്ങി. ശാരീരികമായ പരിമിതികൾക്കിടയിലും വീടിന്റെ മുഴുവൻ ഉത്തരവാദിത്വവും അജിത് കുമാറിന് ഏറ്റെടുക്കേണ്ടതായി വന്നു. ഏതു ജോലി ചെയ്യുന്നതിനും അജിത്തിന് മടിയില്ലായിരുന്നു. എന്നാൽ ഒരുപാട് സമയം ഇരിക്കാൻ പ്രയാസമായിരുന്നു. ഇതോടെയാണ് എങ്ങനെയെങ്കിലും സർക്കാർ സർവീസിൽ കയറിപ്പറ്റുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അജിത്ത് പറയുന്നു.
പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടയാണ് അജിത്തിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. ഒരു ദിവസം ഉറങ്ങി എണീറ്റപ്പോൾ കാലുകൾ അനങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾ നീണ്ടുനിന്ന ചികിത്സയിൽ 6 ലക്ഷത്തോളം രൂപ ചെലവായി. പക്ഷേ കാലിന്റെ ചലനശേഷി തിരികെ കിട്ടിയില്ല. സുഷിപ്നാ നാഡിയിൽ വീക്കം സംഭവിച്ചു രക്തം പുറത്തേക്കൊഴുകിയതാണ് ഇരുകാലുകളും തളരാൻ കാരണമായത്.
ഇനിയുള്ള തന്റെ ജീവിതം വീൽചെയറിലാണ് എന്ന് തിരിച്ചറിഞ്ഞിട്ടും തോറ്റു കൊടുക്കാൻ അജിത്തിന് മനസ്സ് വന്നില്ല. അജിത്ത് പിഎസ്സി പരീക്ഷയ്ക്ക് പ്രിപ്പെയർ ചെയ്തു. ദിവസം 14 മണിക്കൂർ വരെ അജിത്ത് പഠിച്ചു. ഒടുവിൽ എല്‍ ഡീ സീയുടെ പട്ടികയിൽ അജിത്ത് ഇടം പിടിച്ചു.
ആലപ്പുഴ ജില്ലയിലെ എൽഡിസി ലിസ്റ്റിൽ 364 ആം റാങ്കും ഭിന്നശേഷിക്കാരിൽ ഒന്നാം റാങ്കും അജിത്ത് നേടി. ഭിന്നശേഷിക്കാരുടെ സംവരണത്തിലൂടെയാണ് അജിത്തിന് ജോലി ലഭിച്ചത്.
യാത്ര ചെയ്യുന്നതിനും മറ്റും ഒരു പഴയ കാർ വാങ്ങി ബ്രേക്കും മറ്റും
കൈകൊണ്ട് പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റിയെടുത്തു. ഡ്രൈവിംഗ്
ലൈസൻസും അജിത്ത് കരസ്ഥമാക്കി. കാറിലാണ് ഇപ്പോൾ അജിത്തിന്റെ യാത്ര. കാറിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സഹായം വേണം. കുടുംബവും സുഹൃത്തുക്കളും ആണ് അജിത്തിന്റെ ഏറ്റവും വലിയ കരുത്ത്.