ഗ്രാമവാസികൾ കാട്ടിനുള്ളിൽ വലിയ കുടങ്ങളിൽ തയ്യാറാക്കി വച്ചിരുന്ന കോട കുടിച്ച് കാട്ടാനക്കൂട്ടം പൂസായി. കോട വീണ്ടെടുക്കാനായി വനത്തിനുള്ളില്‍ ചെന്ന ഗ്രാമവാസികൾ കണ്ടത് അടിച്ചു പൂസായി ഉറങ്ങുന്ന കാട്ടാനക്കൂട്ടത്തെയാണ്. സംഭവം നടന്നത് ഒഡീഷയിലാണ്. ഗ്രാമവാസികൾ മദ്യം തയ്യാറാക്കാനായി വച്ചിരുന്ന കോടയാണ് ആനകൾ കുടിച്ചു തീർത്തത്.
ഒഡീഷയിലെ കിയോഞ്ചര്‍ ജില്ലയിലുള്ള കശുമാവിൻ കാടിന് അടുത്തുള്ള ഗ്രാമവാസികളാണ് കാട്ടിനുള്ളിൽ കോട തയ്യാറാക്കി വച്ചിരുന്നത്. ഇത് വീണ്ടെടുക്കാൻ ചെന്നപ്പോഴാണ് 24 ആനകൾ കോട കുടിച്ച് മയങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. മഹുവാ പൂക്കൾ വെള്ളത്തിലിട്ട് കുടത്തിലാക്കി അടച്ചു വച്ചിരിക്കുകയായിരുന്നു. ഇതാണ് കാടിറങ്ങിയെത്തിയ ആനക്കൂട്ടം കുടിച്ചു തീർത്തത്.
9 കൊമ്പനാനകളും ആറ് പിടി ആനകളും 9 കുട്ടിയാനകളുമാണ് കോട കുടിച്ച് കിറുങ്ങിപ്പോയത്. മദ്യലഹരിയില്‍ ഉറങ്ങുന്ന ആനകളെ ഉണർത്താനുള്ള ഗ്രാമവാസികളുടെ എല്ലാ ശ്രമവും പരാജയപ്പെട്ടു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ ഡ്രം ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയാണ് ആനകളെ എഴുന്നേൽപ്പിച്ചത്. ഇതോടെയാണ് ആനകൾ ഉൾക്കാട്ടിലേക്ക് തിരിച്ചു പോയത്. അതേസമയം കോട കുടിച്ചാണ് കാട്ടാനകൾ ഉറങ്ങിപ്പോയത് എന്ന ഗ്രാമവാസികളുടെ വാദം അംഗീകരിക്കാൻ വനം വകുപ്പ് തയ്യാറായില്ല.ഒരിയ്ക്കലും മദ്യ ലഹരിയില്‍ ആണ് കാട്ടാനകൾ ഉറങ്ങിയതെന്ന് പറയാന്‍ കഴിയില്ലന്നു അധികൃതര്‍ പറയുന്നു. ആനകള്‍ ക്ഷീണം കൊണ്ട് ഉറങ്ങിയതാകാം എന്നാണ് അധികൃതർ വാദിക്കുന്നത്. എന്നാല്‍ ഗ്രാമവാസികൾ വനവകുപ്പിന്റെ ഈ വാദം നിഷേധിക്കുകയാണ് ചെയ്തത്. മഹുവാ മരത്തിന്റെ പൂക്കൾ പുളിപ്പിച്ച് നിർമിക്കുന്ന ലഹരി പാനീയം വളരെ വർഷങ്ങളായി ഇന്ത്യയിലെ ആദിവാസികളും മറ്റും നിർമ്മിച്ചു വരുന്നുണ്ട്.