തിരുവനന്തപുരം നെയ്യാറ്റിൻകര ബാലരാമപുരത്ത് കല്യാണ സൽക്കാര ചടങ്ങിനിടെ ഉണ്ടായ കൂട്ടത്തല്ലിൽ 15 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ ഒന്നാം പ്രതി അഭിജിത്ത് എന്നയാളാണ്.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനു ശേഷം തന്നെ വിളിച്ചില്ലെങ്കിലും 200 രൂപ തന്റെ വക സമ്മാനം ആയിരിക്കട്ടെ എന്ന് പറഞ്ഞ് ഇയാള്‍ നല്കി. തുടര്‍ന്നുണ്ടായ തർക്കമാണ് ഒടുവില്‍ വലിയ സംഘർഷത്തിന് കലാശിച്ചത്. ബാലരാമപുരം കോട്ടുകാൽ ഉരുട്ടുവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം ഉള്ള അനിൽകുമാറിന്റെ മകളുടെ വിവാഹ ചടങ്ങിനിടയാണ് കൂട്ടത്തല്ല് ഉണ്ടായത്.
ഈ വഴക്കിൽ അനിൽകുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. അഭിജിത്തിന്റെ ഒപ്പം എത്തിയ ഒരു കൂട്ടം ആളുകളും കല്യാണ വീട്ടിലെ മറ്റു ബന്ധുക്കളും ചേർന്നാണ് പരസ്പരം ഏറ്റു മുട്ടിയത് . നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്.
പരിക്ക് പറ്റിയ വരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോലീസുകാർ ഏറെ ശ്രമിച്ചിട്ട് പോലും വഴക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല . പിന്നീട് ഏറെ പണിപ്പെട്ട് പള്ളി വികാരി ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങിയാണ് സംഘർഷം അവസാനിപ്പിച്ചത്. ശേഷം ഈ വിവാഹത്തിന്റെ മറ്റ് ചടങ്ങുകൾ എല്ലാം തന്നെ നടന്നത് പോലീസിന്റെ സംരക്ഷണയിലാണ് .
കേസുമായി ബന്ധപ്പെട്ട പ്രതികൾക്കെതിരെ വധ ശ്രമങ്ങൾ ഉൾപ്പെടെ ഉള്ള നിരവധി വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത് . വളരെ നാളുകൾക്കു മുമ്പ് അനിൽകുമാറിന്റെ മകനെ അഭിജിത്ത് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ഈ വഴക്കിലേക്ക് നയിച്ചത്.