നഷ്ടപ്പെട്ട ഫോൺ കണ്ടെത്താൻ പോലീസിൽ പരാതി നൽകിയിട്ടും പ്രതിവിധി ഉണ്ടാകില്ലെന്ന് മനസ്സിലായതോടെ ഒരു സംഘം യുവാക്കൾ സ്വയം അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെടുക ആയിരുന്നു. പോലീസ് ചെയ്യേണ്ട ജോലി ആ യുവാക്കല്‍ സ്വയം ചെയ്ത് മൊബൈൽ ഫോൺ വീണ്ടെടുത്തു. നാഗമ്പടം സ്വദേശികളായ ഗോവിന്ദ്, അമൽ സാം വർഗീസ് , നവീൻ ടി സക്കറിയ , അഖിൽ ജോർജ് , അതുൽ രാജേഷ് എന്നിവരാണ് അതിവിദഗ്ധമായി ഫോൺ അന്വേഷിച്ചു കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫോൺ മോഷണം പോകുന്നത്. ഭിക്ഷാടകനെന്ന് തോന്നുന്ന ഒരാൾ വെള്ളം ചോദിച്ചു എത്തുക ആയിരുന്നു. വെള്ളമെടുക്കാൻ പോയ സമയം നോക്കി ഇയാൾ ഫോണും എടുത്തു കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഫോൺ നഷ്ടമായത് കാണിച്ച് പോലീസിൽ പരാതി നൽകി. പക്ഷേ ഫോണിലെ നെറ്റ് കണക്ഷൻ ഓഫ് ചെയ്തിരിക്കുന്നതിനാൽ കണ്ടെത്താൻ കഴിയില്ല എന്ന് പറഞ്ഞ് സൈബർ ഉദ്യോഗസ്ഥർ കൈമലർത്തി.
ഫോൺ കണ്ടെത്തുന്നതിന് പോലീസിന്റെ ഭാഗത്തു നിന്നും സഹായം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ യുവാക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തുകയായിരുന്നു. നഷ്ടമായ ഫോണിലേക്ക് നിരന്തരമായി അവർ വിളിച്ചു. വൈകുന്നേരം ആയതോടെ മോഷ്ടാവ് ഫോൺ ഓൺ ചെയ്തതായി മനസ്സിലായി. പിന്നീട് ഗൂഗിളിന്റെ ഫൈന്‍റ് മൈ ഫോണ്‍ ഡിവൈസ് എന്ന സംവിധാനം ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തി.
ഫോൺ ഉള്ളത് കുറിച്ചിയിൽ ആണെന്ന് മനസ്സിലായതോടെ വിവരം സൈബർ സെല്ലിൽ കൈമാറി. എന്നാൽ നിങ്ങൾ സ്വയം കണ്ടെത്തു എന്നായിരുന്നു അവിടെ നിന്നും ലഭിച്ച മറുപടി. പിന്നീട് യുവാക്കൾ ഫോൺ ഇരിക്കുന്ന സ്ഥലത്ത് നേരിട്ട് എത്തി. ഫൈൻഡ് മൈ ഡിവൈസ് അലാം ഓണ്‍ എന്ന ഓപ്ഷനിലൂടെ ഫോണിൽ അലാറം അടുപ്പിക്കുകയും ചെയ്തു. ഗോഡൗണിന് അടുത്തുള്ള വനത്തിൽ ഒരു പഴയ കെട്ടിടത്തിനുള്ളിലാണ് ഫോൺ ഉണ്ടായിരുന്നത്. തുടർന്ന് ഇവർ വിവരം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് എത്തിയില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കാട്ടിൽ തിരഞ്ഞപ്പോൾ കിട്ടിയത് 7 ഫോണുകൾ. പിന്നീട് ചിങ്ങവനം പോലീസ് എത്തുകയും ബാക്കി 6 ഫോണുകൾ പോലീസിന് കൈമാറുകയും ചെയ്തു.