ലൈംഗിക അതിക്രമ കേസുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോക്സോ നിയമം എങ്കിലും പരസ്പരം സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ഒരിക്കലും കുറ്റകരമായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡല്ഹി ഹൈക്കോടതിയാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
17 കാരനായ മകളെ യുവാവ് തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയിൽ പ്രതി ചേര്‍ക്കപ്പെട്ടയാൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്.
2021 ജൂൺ 30ന് 17കാരിയായ പെൺകുട്ടിയെ വീട്ടുകാർ മറ്റൊരാൾക്ക് വിവാഹം ചെയ്തു നൽകിയിരുന്നു. എന്നാൽ ഇയാളുടെ ഒപ്പം നിൽക്കാൻ കുട്ടിക്ക് താല്പര്യമില്ലായിരുന്നു. 2021 ഒക്ടോബർ 27നു പെൺകുട്ടി തന്റെ ആൺ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഇരുവരും അവിടെ നിന്നും ഒളിച്ചോടി പഞ്ചാബിൽ പോയി വിവാഹിതരായി. ഇതോടെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി.
എന്നാൽ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് യുവാവിന്റെ ഒപ്പം പോയി വിവാഹിതയായതെന്നും അയാളുടെ ഒപ്പം താമസിക്കാനാണ് തനിക്ക് താല്പര്യമെന്നും കുട്ടി കോടതിയിൽ പറഞ്ഞു. മാത്രമല്ല തന്നെയും ഭർത്താവിനെയും ഭയപ്പെടുത്തുന്നതിന് മാതാപിതാക്കൾ ശ്രമം നടത്തുന്നതായി കാണിച്ച് കുട്ടി നേരത്തെ തന്നെ ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ആൺ സുഹൃത്തിന്റെ ഒപ്പം പോയത് എന്ന് കോടതി മനസ്സിലാക്കി. ഇതൊരു പ്രണയമാണെന്നും ഇരുവർക്കുമിടയില്‍ നടന്ന ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടി ആണെങ്കിൽ പോലും പരസ്പര സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം നിയമത്തിന്റെ പരിധിയിൽ പെടില്ലെന്നും കോടതി പറഞ്ഞു.