കഴിഞ്ഞ ദിവസം ഹരിപ്പാട് ആർകെ ജംഗ്ഷനു സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടന്നു. പണമായിരുന്നില്ല ഇവിടെ നിന്നും മോഷണം പോയത്. 9430 രൂപയോളം വില വരുന്ന 12 കുപ്പി മദ്യമായിരുന്നു മോഷ്ടിക്കപ്പെട്ടത്.
ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രധാന ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയും മേശയും കുത്തി തുറന്നെങ്കിലും പണം എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം വെളുപ്പിനെയാണ് സംഭവം നടന്നത്.
ബാങ്ക് അവധി ദിവസമായിരുന്നു രണ്ടാം ശനിയാഴ്ചയിലെ കളക്ഷൻ തുക മോഷ്ടാവ് എടുത്തില്ല. ജീവനക്കാർ അടുത്ത ദിവസം രാവിലെ ഔട്ട്ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടറിന്റെ പൂട്ട് തല്ലി തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാർ ഉടൻതന്നെ സംഭവം മാനേജറെ അറിയിച്ചു.അധികം വൈകാതെ ഹരിപ്പാട് പോലീസും ഡോഗ്സ്കോഡും വിരൽ അടയാള വിദഗ്ധരും സംഭവസ്ഥലത്ത് എത്തി വിശദമായി പരിശോധിച്ചു. തുടർന്ന് മണം പിടിച്ച് പോയ പോലീസ് നായ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ വരെ എത്തിയിരുന്നു.
മോഷ്ടാവ് പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഹാക്സാ ബ്ലേഡ് , പിക്കാസ് എന്നിവ ഔട്ട്ലെറ്റിന്റെ ഷട്ടറിന് സമീപത്തു നിന്നും ലഭിച്ചു. വലിയ കമ്പിപ്പര ഓഫീസിന്റെ അകത്തു നിന്നും പോലീസ് കണ്ടെത്തി. തുടർന്ന് സി സി ടിവി പരിശോധിച്ച് പോലീസിന് മധ്യവയസ്കനായ ഒരാളാണ് മോഷ്ടിച്ചതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ തന്നെ പ്രതിയെ പിടികൂടാൻ കഴിയുമെന്നു പോലീസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.