കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അടുത്ത് പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ രവിയുടെ വീട്ടിൽ എല്ലാ ദിവസവും രാവിലെ ഒരു കൊക്ക് വിരുന്നിനു വരും. രവിയും ഭാര്യ നിമിഷയും രാവിലെ ഉറക്കം ഉണർന്ന് വാതിൽ തുറക്കുമ്പോൾ ആള് വീടിന്‍റെ മുറ്റത്ത് ഉണ്ടാകും . അവന്‍ വീട്ടുകാരുമായി വളരെ അടുപ്പത്തിലാണ്. കൊച്ച് എന്നാണ് ഇവന്‍റെ വിളിപ്പേര്. രവിയുടെ കുടുംബത്തിലെ ഒരു അംഗമായി മാറിക്കഴിഞ്ഞു ഇവന്‍. രവി വാതിൽ തുറന്ന പാടെ അവന്‍ വീട്ടിനകത്തേക്ക് കയറും . പിന്നെ വീട്ടിനുള്ളിൽ കൊത്തി പറക്കി നടക്കും. ഈ കൊക്കും രവിയുടെ വീടുകാരുമായുള്ള സൌഹൃദത്തിന് എട്ടു വർഷത്തെ ആഴം ഉണ്ട്.
ഇവരുടെ ആത്മബന്ധം തുടങ്ങുന്നത് 2014 ലാണ്. കാൽ ഒടിഞ്ഞു അവശനായി കൃഷിയിടത്തിൽ കിടന്ന കൊക്കിന് രവി ആഹാരം നൽകി . അത് പിന്നീട് പതിവായി മാറി . കാലിലെ പരിക്ക് ഭേദം ആയപ്പോള്‍ അവൻ വീട്ടിൽ എത്തി.
കൊച്ചേ എന്ന് വിളിച്ചാൽ അവൻ പറന്നെത്തും. നങ്കാണ് കൊച്ചിന്റെ ഇഷ്ട ഭക്ഷണം . വീട്ടിൽ അപരിചിതർ എത്തിയാൽ ഉടൻ അവന്‍ പറന്നു പോകും. ഇറച്ചിയോ മീനോ കൊടുത്താൽ ഒറ്റക്കൊത്തിന് ആള് അത് അകത്താക്കും . ഇങ്ങനെയൊക്കെ ആണെങ്കിലും ഇടയ്ക്കിടയ്ക്ക് ആള് അപ്രത്യക്ഷനാകും. ആറുമാസം കഴിഞ്ഞാൽ വീണ്ടും എത്തും. മുട്ടയിടാൻ പോകുന്നതാണെന്ന് രവി പറയുന്നു. അജ്ഞാത വാസത്തിനു ശേഷം ഒക്ടോബർ 24 അവന്‍ വീണ്ടും രവിയെ തേടി വന്നത് . ഇനി മെയ് മാസം വരെ വീട്ടിലുണ്ടാകുമെന്ന് രവി പറയുന്നു.