വളർത്തു നായയെ സ്വന്തം കുടുംബത്തിലെ അംഗമായി കാണുന്ന നിരവധി പേരുണ്ട്. എന്നാല്‍ നായയുടെ വിവാഹം ആചാരപൂർവ്വം നടത്തുന്നത് വളരെ അപൂർവമാണ്. ഹരിയാനയിലെ ദമ്പതികളാണ് ഇതിന് പിന്നിൽ. അതിഥികളെയും മറ്റും ക്ഷണിച്ച് വളരെ ആർഭാട പൂർവ്വമായാണ് ഇവർ ഈ ചടങ്ങ് നടത്തിയത്. സ്വീറ്റി എന്നാണ് വധുവിന്റെ പേര്… വരന്റെ പേര് ഷേരു. ഇരു വീട്ടുകാരും ഒത്തുകൂടി വളരെ ആഘോഷപൂർവ്വമാണ് ഈ ചടങ്ങ് നടത്തിയത്.
മക്കളില്ലാത്ത സവിതയ്ക്കും അവരുടെ ഭർത്താവിനും വീട്ടിലെ വളർത്തു മൃഗങ്ങളാണ് ഏക ആശ്വാസം. അവരുടെ പ്രിയങ്കരിയായ നായയാണ് സ്വീറ്റി. സ്വീറ്റിയെ കാണുന്നത് സ്വന്തം മകളെ പോലെയാണെന്ന് ഇവർ പറയുന്നു. സവിതയുടെ ഭർത്താവ് മിക്ക ദിവസങ്ങളിലും ക്ഷേത്രത്തിൽ പോവുകയും മടങ്ങിവരുമ്പോൾ ആ പരിസരത്തുള്ള നായകൾക്ക് ഭക്ഷണം നൽകുകയും ചെയ്യാറുണ്ട്. മൂന്നു വർഷം മുമ്പ് തെരുവിൽ നിന്നാണ് ഇവർക്ക് സ്വീറ്റിയെ കിട്ടുന്നത്. തെരുവില്‍ കണ്ട സ്വീറ്റിക്ക് ഇവര്‍ സ്ഥിരമായി ഭക്ഷണം നൽകുമായിരുന്നു. അങ്ങനെ ഒരു ദിവസം സ്വീറ്റീ ഭർത്താവിന്റെ ഒപ്പം വീട്ടിലേക്കു വന്നു. അന്നു മുതൽ സ്വീറ്റീ കുടുംബത്തിലെ ഒരു അംഗമാണ്. പിന്നീടാണ് ഇവർ നായക്ക് സ്വീറ്റി എന്ന പേരിട്ടത്. പിന്നീട് സ്വീറ്റിയുടെ വിവാഹം നടത്താൻ ഇവർ തീരുമാനിച്ചു. എല്ലാ വിധത്തിലുള്ള ആചാരങ്ങളും പാലിച്ചാണ് വിവാഹം നടത്തിയത്.
ഒരു മണവാട്ടിയായി സ്വീറ്റിയ അണിയിച്ചൊരുക്കി മെഹന്തി , ഹൽഡി തുടങ്ങിയ ചടങ്ങുകൾ എല്ലാം നടത്തി. ഒരു വിവാഹത്തിന് വേണ്ട എല്ലാ ചടങ്ങുകളും ഉപചാര്‍പൂര്‍വ്വം നടത്തി നൂറോളം പേരെ ക്ഷണിച്ചാണ് വിവാഹം നടത്തിയത്. സവിതയുടെ അടുത്തുള്ള വീട്ടിലെ വളർത്തു നായ ആയ ഷേരുവാണ് വരൻ. തങ്ങളുടെ ആഗ്രഹം അയൽവാസിയോട് ചോദിച്ചപ്പോൾ അവർ സമ്മതം അറിയിച്ചു. മനുഷ്യരുടെ വിവാഹം നടത്തുന്ന അതേ പ്രാധാന്യത്തോടെയും ആചാരത്തോടെയും ആണ് ഈ രണ്ടു കുടുംബങ്ങളും നായകളുടെ വിവാഹം നടത്തിയത്.കുട്ടികൾ ഇല്ലാത്ത തങ്ങൾക്ക് സ്വന്തം മക്കളുടെ വിവാഹം നടത്തിയ സന്തോഷമാണ് ഈ ചടങ്ങിലൂടെ ലഭിച്ചതെന്ന് ഇവർ പറയുന്നു.