ഇലന്തൂർ നരബലി കേസിലെ ഒന്നാം പ്രതി ഷാഫി പോലീസിനോട് പറഞ്ഞത് രണ്ടു പേർ കഴുതകൾ ആയതിനാൽ താൻ കുടുങ്ങി എന്നാണ്. താന്‍ ഒരിയ്ക്കലും പിടിക്കപ്പെടില്ല എന്നും ഭഗത് സിംഗിന്റെയും ഭാര്യയുടെയും മണ്ടത്തരങ്ങളാണ് താന്‍പിടിക്കപ്പെടാൻ കാരണമായത് എന്നുമാണ് ഷാഫി പോലീസിനോട് പറഞ്ഞത് . ദൃക്സാക്ഷികൾ ആരും ഇല്ലാത്ത കേസ്സില്‍ രക്ഷപ്പെടാൻ കഴിയുമെന്ന് ഷാഫി ഇപ്പോഴും ഉറച്ചു വിശ്വസ്സിക്കുന്നു. ഷാഫി കരുതുന്നത് സംശയത്തിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട് എന്നു തന്നെയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ തെളിവുകളാവും ഈ കേസിൽ കൂടുതല്‍ നിർണായകനാവുക. അതേ സമയം തന്നെ ഷാഫിയുടെ മൗനം അന്വേഷണ സംഘത്തെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്.
ഏതെങ്കിലും ഒരു കാരണവശാൽ പോലീസ് തന്നിലേക്ക് എത്തിയാല്‍ അതിനെ എങ്ങനെ അതിജീവിക്കാം എന്നതിനുള്ള എല്ലാ മുൻകരുതലുകളും ഷാഫി എടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു . കൃത്യത്തിന് പോയപ്പോൾ ഷാഫി തന്റെ മൊബൈൽ ഫോൺ കൊണ്ടു പോയിരുന്നില്ല. മാത്രമല്ല തന്റെയും ഇരകളുടെയും ഫോണുകൾ നശിപ്പിക്കുകയും ചെയ്തു. ഇരയായ റോസ്ലിന്റെ കാള്‍ ലിസ്റ്റിൽ ഷാഫിയുടെ പേരില്ലാത്തതും ഈ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. പിടിക്കപ്പെടില്ല എന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ഷാഫി കൃത്യം നടത്തിയത്. ഇരകളെ ആരെയും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. നേരിട്ടായിരുന്നു എല്ലാം പറഞ്ഞുറപ്പിച്ചത്.
കൊലചെയ്യപ്പെട്ടവരുടെ ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം ലഭിക്കാനുണ്ട്. അതിനു ശേഷം മാത്രമേ മൃതദേഹത്തിന്റെ ഭാഗങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയുള്ളൂവെന്ന് പോലീസ് പറയുന്നു. പ്രതികൾ കൂടുതൽ കൊലപാതകം നടത്തിയിട്ടില്ല എന്നാണ് ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.