ഫോൺ തട്ടിപ്പിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി പുതിയ നടപടികൾ തുടങ്ങാൻ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ട്രായ് . പുതിയ സംവിധാനം അനുസരിച്ച് വിളിക്കുന്ന ആളുടെ പേര് ഫോണിൽ തെളിഞ്ഞു വരുന്ന തരത്തിൽ ഉള്ള സംവിധാനം ഉറപ്പാക്കി വ്യക്തിയെ തിരിച്ചറിയുന്ന നടപടികൾ സ്വീകരിക്കാനാണ് ഇപ്പോൾ തയ്യാറെടുക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട് . ഇതിൻറെ ഭാഗമായി കെ വൈ സി വ്യവസ്ഥകളിൽ വലിയ തോതിലുള്ള പരിഷ്കാരമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.
പുതിയ പരിഷ്കാരം അനുസരിച്ച് ഫോൺ വിളിക്കുന്ന ആളുടെ പേര് സ്ക്രീനിൽ തെളിഞ്ഞു വരുന്ന തരത്തിലാണ് ഇത് പരിഷ്കരിക്കുന്നത് . സേവന ദാതാക്കൾക്ക് വിളിക്കുന്ന ആളിന്റെ കൂടുതൽ വിവരങ്ങൾ നൽകി ഇത് പരിഷ്കരിക്കാനാണ് ഇപ്പോള്‍ ട്രായ് തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ട്രൂകോളർ ആപ്പ് ഉപയോഗിച്ച് മാത്രമേ വിളിക്കുന്ന ആള് ആരാണെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. എന്നാൽ ഇതിൻറെ വിശ്വാസ്യത പൂർണമായി ഉറപ്പിക്കാൻ കഴിയില്ല. ഇഷ്ടമുള്ള തരത്തിൽ പേര് എഴുതിച്ചേർക്കാനുള്ള സംവിധാനം ട്രൂ കോളറിൽ ഉണ്ട്. ക്രൗഡ് സോഴ്സിംഗിലൂടെയാണ് ട്രൂകോളറില്‍ ഉപഭോക്താവിന്റെ ഡേറ്റകൾ ശേഖരിക്കുന്നത്. എന്നാൽ ഈ ഡേറ്റയുടെ നിജസ്ഥിതി ഉറപ്പാക്കാൻ യാതൊരു സംവിധാനവും ഇപ്പോൾ നിലവിലില്ല എന്നത് ഈ സംവിധാനത്തിന്റെ ഒരു വലിയ പോരായ്മ തന്നെയാണ്. അതുകൊണ്ടുതന്നെ അജ്ഞാത കോളുകൾ കണ്ടെത്തുവാൻ ഉചിതമായ നടപടി സ്വീകരിക്കാനാണ് ട്രായ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പുതിയ സംവിധാനം ഉപയോഗിച്ച് വിളിക്കുന്ന ആളിന്റെ വിവരങ്ങൾ ഫോണിൽ സേവ് ചെയ്യാതെ തന്നെ സ്ക്രീനിൽ തെളിഞ്ഞു വരും.