ഖത്തർ ലോകകപ്പിന്റെ കിക്കോഫിന് വേണ്ടി കാത്തിരിക്കുകയാണ് ലോകത്താകമാനം ഉള്ള ഫുട്ബോൾ ആരാധകർ. എല്ലാ കണ്ണുകളും കത്തറിലേക്കാണ് ഉറ്റു നോക്കുന്നത്. കേരളത്തിലും അതിന്‍റെ അലയൊലികള്‍ നിറയുകയാണ്. ഇതിൻറെ ഭാഗമായി ഗ്രാമങ്ങൾ തോറും ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകളും ഫ്ലെക്സുകളും നിറഞ്ഞിരിക്കുകയാണ്. കേരള ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തും മറ്റും ഇതിൻറെ പ്രതിഫലനങ്ങൾ കാണാം. കടുത്ത ഫുട്ബോൾ ആരാധകർ തങ്ങളുടെ താരങ്ങളോടുള്ള ഇഷ്ടവും സ്നേഹവും പ്രകടിപ്പിക്കാനായി വീടും വാഹനവും ഒക്കെ അതേ രീതിയിൽ പെയിന്റടിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
പക്ഷേ വാഹനത്തിൻറെ നിറം മാറ്റി റോഡിൽ ഇറങ്ങിയാൽ സംഭവം കൈവിട്ടു പോകും. നിങ്ങളെ എം വി ഡി പൂട്ടും. ആരാധന മൂത്ത് ചിലർ തങ്ങളുടെ വാഹനത്തിൽ പ്രിയ താരങ്ങളുടെയും ടീമിന്റെയും നിറം അടിച്ച് നിരത്തിലിറങ്ങുന്നത് പതിവായതോടെയാണ് എം വി ഡി നടപടിക്ക് ഒരുങ്ങുന്നത്. അനുമതിയില്ലാതെ വാഹനത്തിന് നിറം മാറ്റുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
നിയമം ലംഘിച്ച് ആരെങ്കിലും വാഹനത്തിൻറെ നിറം മാറ്റിയാൽ രജിസ്ട്രേഷൻ തന്നെ റദ്ദ് ചെയ്യാൻ മോട്ടോർ വാഹന നിയമത്തിലെ 52ആം വകുപ്പ് പ്രകാരം കഴിയും. അതേസമയം ആർ ടി ഒ ഓഫീസിൽ അപേക്ഷ നൽകി 950 രൂപ ഫീസ് അടച്ച് നിറം മാറ്റുന്നതിന് അനുമതി ലഭ്യമാണ്. ഇങ്ങനെ മാറ്റുന്ന നിറത്തെ കുറിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും വേണം. അല്ലാത്ത പക്ഷം വാഹനം പിടിച്ചിടാനോ രജിസ്ട്രേഷൻ റദ്ദാക്കാനോ അധികൃതര്‍ക്ക് സാധിക്കും. അതുകൊണ്ട് നിറം മാറ്റുന്നതിന് മുന്‍പ് ഒന്നു കൂടി ആലോചിക്കുക.