കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി എഴുതിയ ഷോർട്ട് ഫിലിമിന്റെ തിരക്കഥ പൂർത്തിയായപ്പോൾ പ്രിയ ഷൈനിന്റെ ശരീരത്തില്‍ അതേ രോഗം വേരുറപ്പിച്ചിരുന്നു. പക്ഷേ അപ്പോഴും അവര്‍ തളർന്നില്ല. സിനിമയോടുള്ള ആവേശവും ആഗ്രഹവും കൊണ്ട് അവര്‍ തന്റെ അതിജീവനം തുടർന്നു. ആദ്യത്തെ കീമോ കഴിഞ്ഞ് നാലാമത്തെ ദിവസം പ്രിയ ക്യാമറയുടെ മുന്നിലെത്തി. രോഗം വന്നു എന്ന് തിരിച്ചറിഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ പോലും പ്രിയയുടെ കണ്ണുകളിൽ നിന്നും ഉതിര്‍ന്നു വീണില്ല.
പാലാ സ്വദേശിയായ പ്രിയ തൃപ്പൂണിത്തറയിലാണ് താമസിക്കുന്നത്. പ്രത്യേകിച്ച് ഒരു മുൻപരിചിതമില്ലാതെയാണ് ഫാഷന്‍ കൊണ്ട് ഷോർട്ട് ഫിലിമുകളും ഡോക്യുമെൻറുകളും അവർ സംവിധാനം ചെയ്തത്. ഇതുവരെ 51 ഓളം സൃഷ്ടികളുടെ ഭാഗമായിട്ടുണ്ട് പ്രിയ. മിക്ക സൃഷ്ടികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. സന്തോഷകരമായ ജീവിതം മുന്നോട്ടു നയിക്കുന്നതിനിടെയാണ് ക്യാൻസർ എന്ന വില്ലൻ കടന്നു വരുന്നത്.
ക്യാന്‍സര്‍ രോഗിയുടെ വേഷം അഭിനയിക്കാനായി തയ്യാറെടുത്തപ്പോള്‍ ഇടതൂര്‍ന്ന മുടി ആയിരുന്നു പ്രിയയുടെ വെല്ലുവിളി. അതിനായി പപ്പടം ഒട്ടിച്ച് മുടി മറച്ചു. അത് അപൂർണ്ണമായിരുന്നു. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. അസഹ്യമായ കൈ വേദനയെ തുടർന്ന് എറണാകുളം ലേക്ഷേർ ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് മാറിടത്തിൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. ടർന്ന് കീമോ നടത്തിയതോടെ നീളൻ മുടി കൊഴിഞ്ഞു. ഉടൻതന്നെ ശേഷിച്ച മുടി കൂടി വടിച്ച് പഴയ തിരക്കഥയുമായി പ്രിയ ക്യാമറയുടെ മുന്നിലെത്തി. കീമോ എടുക്കുന്നത് കൊണ്ട് തന്നെ പലപ്പോഴും ശാരീരികമായ അവസ്ഥകളെ അതിജീവിച്ചാണ് അവർ ഷൂട്ടിനു എത്തിയത്. പലപ്പോഴും തലകറങ്ങുന്നതും തളർന്നുവീഴുന്നതുമൊക്കെ ക്യാമറയിൽ പകർത്തി. ഇതിലെ ചില ആശുപത്രി ഷോട്ടുകൾ കൂടി എടുത്തു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളത് എഡിറ്റിംഗ് മാത്രമാണ്. സ്വന്തമായി എഴുതിയ തിരക്കഥയിൽ ജീവിതം കൂടി ഉൾപ്പെടുത്തേണ്ടി വന്നത് വിധിയുടെ കളി വിളയാട്ടം. എല്ലാ പിന്തുണയുമായി ഭർത്താവ് ഷൈനും സിനിമാട്ടോഗ്രാഫർ കൂടിയായ അദ്വൈത് ഷൈൻ എന്ന മകനും ഒപ്പം ഉണ്ട്.