ഡ്രൈവിംഗിനിടെ സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിട്ടും മനോധൈര്യം കൈവെടിയാതെ ബസ് റോഡ് അരികിൽ നിർത്തി കെ എസ് ആർ ടി സി ഡ്രൈവർ 48 യാത്രക്കാരുടെ ജീവിതം സുരക്ഷിതമാക്കി. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവറായ സിഗേഷാണ് തന്റെ ജീവൻ അപകടത്തിൽ ആയിട്ട് കൂടി യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയത്. ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നിട്ടും ബസ് റോഡരികിൽ ബസ് നിർത്തി ഉടൻതന്നെ സിഗേഷ് വാഹനത്തിനുള്ളിൽ കുഴഞ്ഞു വീഴുകയും ചെയ്തു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. താമരശ്ശേരിയിൽ നിന്നും മലക്ക് പാറയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ആയിരുന്നു സിഗേഷ്. വിനോദയാത്രയുടെ ഭാഗമായി രണ്ടു ബസ്സുകളിലായി പുലർച്ചെ നാലുമണിയോടെയാണ് ഈ സംഘം സ്റ്റാൻഡിൽ നിന്നും യാത്ര തിരിക്കുന്നത്. ബസ് കുന്നംകുളം ഭാഗത്ത് എത്തിച്ചേർന്നപ്പോഴാണ് ഡ്രൈവറിന് സ്ട്രോക്ക് ഉണ്ടായത്. പക്ഷേ തന്റെ സംയമനം കൈവിടാതെ സിഗേഷ് ബസ് റോഡരികിൽ ഒതുക്കുക ആയിരുന്നു. പിന്നീട് ബസ്സിനുള്ളിൽ കുഴഞ്ഞു വീണ സിഗേഷിനെ ഉടന്‍ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ സിഗേഷിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി, ശസ്ത്രക്രിയ നടത്തിയ സിഗേഷ് ഇപ്പോൾ അപകടനില തരണം ചെയ്തു.
മുൻപും ഇത്തരത്തിൽ തന്റെ മനോധൈര്യം കൊണ്ട് സിഗേഷ് യാത്രക്കാരുടെ ജീവൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിൽ വച്ച് ഉണ്ടായ മണ്ണിടിച്ചില്‍ ഉണ്ടായതോടെ സിഗേഷ് ഓടിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. ആ മണ്ണിടിച്ചിലിൽ സിഗേഷിന്റെ ബസിന്റെ ഗ്ലാസ്സ് പൂർണമായി തകർണ്ണിട്ടും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കാൻ സിഗേഷിന് കഴിഞ്ഞു.