ആഡംബരത്തിന്റെ അവസാന വാക്കാവാന്‍ ഒരുങ്ങി തിരുവനന്തപുരത്ത് ഉദ്ഘാടനത്തിന് തയ്യാറെടുത്തിരിക്കുകയാണ് ഹയാത്ത് റീജൻസി. ലുലു ഗ്രൂപ്പും ഹയാത്ത് ഹോട്ടൽസ് കോർപ്പറേഷൻസും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇരുവരുടെയും മൂന്നാമത്തെ സംയോജിത സംരംഭമാണ് ഈ ഹോട്ടൽ.
132 മുറികളും 5 ഭക്ഷണ ശാലകളും മൂന്നു കൺവെൻഷനൽ സെന്ററുകളും ഉൾപ്പെടുന്നതാണ് ഈ പഞ്ച നക്ഷത്ര ഹോട്ടൽ. പ്രൗഢഗംഭീരമായ ഈ ഹോട്ടലിന്റെ പ്രത്യേകതകൾ ഏറെയാണ്. 1650 ചതുരശ്രയ അടി വിസ്തീർണ്ണം ഉള്ള പ്രസിഡൻഷ്യൽ സ്യൂട്ട്, ഡിപ്ലോമാറ്റിക് സ്യൂട്ട്, 6 റീജൻസി സ്യൂട്ട്, 37 ക്ലബ് റൂമുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഹോട്ടൽ സമുച്ചയം.
കൂടാതെ ഈ ഹോട്ടലിനുള്ളിൽ മലബാർ കഫെ, ഐവറി ക്ലബ്ബ് , ഓറിയന്റൽ കിച്ചൺസ് , ഓള്‍ തിങ്ങ്സ് ബേക്കഡ് ലോഞ്ച് റീജൻസി, എന്ന് തുടങ്ങി അഞ്ചോളം റസ്റ്റോറന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും റസ്റ്റോറന്റ് സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഈ ഹോട്ടലിനുള്ളിലെ ഗ്രേറ്റ് ഹാളിൽ ഒരേ സമയം ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ട്. കൂടാതെ 700 പേർക്കിരിക്കാൻ കഴിയുന്ന റോയൽ ബോൾ റൂമും, ഉള്‍പ്പടെ മറ്റ് കൺവെൻഷൻ സെന്ററുകൾ ഈ ഹോട്ടലിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ നീന്തൽകുളം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ജിംനേഷ്യം, ആയുർവേദ തെറാപ്പി സൗകര്യമുള്ള സ്പാ എന്നിവയും പ്രധാന ആകർഷണങ്ങളാണ്. ഈ ഹോട്ടലിൽ ഒരേ സമയം 400 ൽ അധികം കാറുകൾക്കും 250 ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടര ഏക്കറിൽ 600 കോടി രൂപ മുടക്കി 8 നിലകളിൽ ആയിട്ടാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്യുന്നത്.